Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം: പ്രഖ്യാപനങ്ങളുമായി ഖത്തർ പ്രധാനമന്ത്രി

text_fields
bookmark_border
-സ്റ്റാർട്ടപ്പുകൾക്കായി 2 ബില്യൺ ഡോളറിന്റെ നിക്ഷേപം
സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം: പ്രഖ്യാപനങ്ങളുമായി ഖത്തർ പ്രധാനമന്ത്രി
cancel
camera_alt

ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി

​ദോഹ: ​നൂതനാശയങ്ങളാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസിയെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഭാവി വരുമെന്ന പ്രതീക്ഷയിൽ നോക്കി നിൽക്കാനല്ല, അത് രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്ക മേഖലയിലെയും ഏറ്റവും വലിയ സാങ്കേതികവിദ്യ സംഗമമായ മൂന്നാമത് ഖത്തർ വെബ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി നാലുവരെ വെബ് സമ്മിറ്റ് തുടരും.

ഉദ്ഘാടന പ്രസംഗത്തിൽ ഖത്തറിന്റെ സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള നിർണായകമായ പല പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തി. ഖത്തറിന്റെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ‘ക്യു.എ. ഐ’ ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഖത്തറിന്റെ എ.ഐ ഇൻഫ്രാസ്ട്രക്ചറും സോഫ്റ്റ്‌വെയർ സംവിധാനങ്ങളും വികസിപ്പിക്കുക, സുസ്ഥിരമായ നവീകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യു.എ.ഐ പ്രവർത്തിക്കുക.

കൂടാതെ, ഖത്തർ ഡെവലപ്മെന്റ് ബാങ്കിന്റെ ‘സ്റ്റാർട്ട് ഫ്രം ഖത്തർ’ പരിപാടി 2026 വരെ നീട്ടുമെന്നും സംരംഭകർ, നിക്ഷേപകർ, മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവർക്കായി 10 വർഷത്തെ റെസിഡൻസി പ്രോഗ്രാം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഖത്തറിൽ രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് ഇപ്പോൾ കമ്പനി രൂപീകരണം, ബാങ്കിങ്, റെസിഡൻസി നടപടിക്രമങ്ങൾ എന്നിവ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ‘ഫണ്ട് ഓഫ് ഫണ്ട്‌സ്’ പദ്ധതിയിലേക്ക് 2 ബില്യൺ ഡോളർ കൂടി അധികമായി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 1 ബില്യൺ യു.എസ് ഡോളറിന് പുറമെയാണിത്. സ്റ്റാർട്ടപ്പുകൾക്കുള്ള ആനുകൂല്യങ്ങളിൽ എട്ട് മടങ്ങ് വർധനവുണ്ടായതായും സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ‘കമ്പ്യൂട്ടിങ് ക്രെഡിറ്റുകൾ’ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

124 രാജ്യങ്ങളിൽ നിന്നായി 30,000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന വെബ് സമ്മിറ്റിൽ 1,600 സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരമൊരുങ്ങും. 1,000ഓളം നിക്ഷേപകർ സമ്മിറ്റിന്റെ ഭാഗമാകുന്നുണ്ട്. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിൻടെക്, ഡിജിറ്റൽ ഇക്കോണമി, എനർജി, ഡിജിറ്റൽ ഹെൽത്ത് തുടങ്ങി 14ലധികം വിഷയങ്ങളിൽ ചർച്ചകളും ശിൽപശാലകളും നടക്കും.

ഇന്ത്യ, സിംഗപ്പൂർ, ചൈന, പോളണ്ട്, നൈജീരിയ, ഫലസ്തീൻ എന്നിവയുൾപ്പെടെ 120ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളെ വെബ് സമ്മിറ്റ് ഒരുമിച്ച് കൊണ്ടുവരുമെന്ന് സി.ഇ.ഒ പാഡി കോസ്‌ഗ്രേവ് വെളിപ്പെടുത്തി. പുതിയ പങ്കാളിത്തങ്ങളും ഭാവി സഖ്യങ്ങളും രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യാപാര പ്രതിനിധി സംഘങ്ങൾക്ക് സമ്മിറ്റ് ആതിഥേയത്വമരുളുന്നു. മൂന്ന് ദിവസങ്ങളിലായി 1,600 ഓളം സ്റ്റാർട്ടപ്പുകൾ തങ്ങളുടെ നൂതനാശയങ്ങൾ സമ്മിറ്റിൽ പ്രദർശിപ്പിക്കും, ഇതിൽ 85 ശതമാനവും ഖത്തറിന് പുറത്തുനിന്നുള്ളതാണ്. സാങ്കേതിക മേഖലയിൽ ഖത്തറിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നതായും വെബ് സമ്മിറ്റ് സ്ഥാപകനും സി.ഇ.ഒയുമായ പാഡി കോസ്‌ഗ്രേവ് വ്യക്തമാക്കി. ലോകത്തെ സാങ്കേതിക വിദ്യയുടെ കേന്ദ്രം മധ്യപൂർവേഷ്യൻ മേഖലയിലേക്ക് മാറുന്നതിന്റെ സൂചനയാണ് സമ്മിറ്റിലെ പങ്കാളിത്തമെന്ന് പാഡി കോസ്‌ഗ്രേവ് അഭിപ്രായപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Technological leap: Qatar Prime Minister makes announcements
Next Story