ക്ലോസെ വീഴ്ത്തിയ കണ്ണീരും ലുസൈലിലെ സ്വപ്നങ്ങളും
text_fields2006 ലോകകപ്പ് ക്വാർട്ടറിൽ പുറത്തായപ്പോൾ അർജന്റീന ടീം അംഗങ്ങളുടെ നിരാശ
ലോക കപ്പ് ഫുട്ബാൾ എന്നാൽ എപ്പോഴും അർജന്റീനയാണ്. കുട്ടിക്കാലത്ത് ബാറ്റിസ്റ്റ്യൂട്ടയുടെയും ഒട്ടെഗയുടെയും കളി കണ്ട് അവരോടുള്ള ഇഷ്ടം മുതൽ തുടങ്ങിയതാണ് അർജന്റീനയോടുള്ള ഈ മുഹബ്ബത്ത്. വീണ്ടും ഒരു ഫുട്ബാൾ ലോകകപ്പിന് കൺമുന്നിൽ പന്തുരുളാനിരിക്കെ ഓർമയിലെത്തുന്നത് ഒരുപാട് കാര്യങ്ങളാണ്.
2006 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ. ഞാനന്ന് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ഞങ്ങളുടെ വീട്ടിലാണ് എല്ലാവരുമൊന്നിച്ചുള്ള കളികാണൽ.
അയൽവാസികളും സുഹൃത്തുക്കളുമെല്ലാമുണ്ടാവും. അർജന്റീന, ബ്രസീൽ ആരാധകരാവും കൂടുതലും. രണ്ട് ഫാൻ ഗ്രൂപ്പുകൾ തമ്മിലുള്ള വാക്തർക്കങ്ങളും വാശിയും വീമ്പുപറച്ചിലുമെല്ലാമാണ് കളിക്കൊപ്പമുള്ള വലിയ ഹൈലൈറ്റ്. കടുത്ത അർജന്റീന ഫാനായതിന്‍റെ ആവേശത്തിൽ അർജന്‍റീന ജയിച്ച് കപ്പടിക്കുമെന്ന് എല്ലാവരെയും വെല്ലുവിളിച്ചിരിപ്പാണ് ഞാൻ.
ബ്രസീലും അർജന്റീനയും ക്വാർട്ടർ ഫൈനലിൽ എത്തി. രണ്ട് കൂട്ടർക്കും ആവേശത്തിന്‍റെയും പിരിമുറുക്കത്തിന്‍റെയും നാളുകൾ. അർജന്റീന-ബ്രസീൽ ഫൈനൽ പ്രവചിച്ചവരുണ്ടായിരുന്നു.
ബദ്ധ ശത്രുക്കളെപ്പോലെയായിരുന്നു ഞങ്ങൾ ഇരു ഫാൻ ഗ്രൂപ്പുകളും. അർജന്‍റീനയും ജർമനിയും തമ്മിൽ ക്വാർട്ടറിലെ ഏറ്റുമുട്ടൽ. ബ്രസീൽ ആരാധകരൊക്കെ ജർമനിക്ക് സപ്പോർട്ടായിരുന്നു. 49ാം മിനിറ്റിൽ റോബർട്ടോ അയാളയുടെ ഗോളോടെ അർജന്റീന മുന്നിലെത്തി. പിന്നെ പറയണോ... ആവേശം കൊടുമുടിയേറി ഞങ്ങൾ ആഘോഷത്തിന് തുടക്കംകുറിച്ച് കഴിഞ്ഞു. ബ്രസീൽ ഫാൻസിനെ നോക്കി, അർജന്റീന കിരീടം ചൂടുമെന്നും വീമ്പിളക്കി. അന്ന് എല്ലാവരുടെ മുന്നിലേക്കും ഞങ്ങൾ അർജന്റീന ഫാൻസിന്റെ ഒരു വരവുണ്ട്; അർജന്റീന പതാകയുമായി... എതിരാളികൾ തടിവേണമെങ്കിൽ മാറിക്കോ എന്ന മട്ടിലായിരുന്നു ആഘോഷം.
പക്ഷേ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 80ാം മിനിറ്റിൽ മിറോസ്ലാവ് ക്ലോസിന്റെ ഗോളോടെ അർജന്റീനയുടെ ലീഡ് നഷ്ടമായി. പിന്നെയുള്ള നിമിഷങ്ങൾ വല്ലാത്ത ടെൻഷന്റേതായിരുന്നു.
കളി പെനാൽറ്റിയിലേക്ക് പോയി. അർജന്റീനയുടെ വിജയം സ്വപ്നമായി അവശേഷിച്ചു. പിന്നെ, എനിക്കും കൂട്ടുകാർക്കും അവിടെ നിൽക്കാൻ പറ്റിയില്ല. ബ്രസീലും ക്വാർട്ടറിൽ പുറത്തായപ്പോൾ മാത്രമായിരുന്നു സമാധാനം. ഇറ്റലി കപ്പുമായി മടങ്ങി.
2010 ലോകകപ്പിന് ദക്ഷിണാഫ്രിക്കയിൽ പന്തുരുളുമ്പോൾ എം.ബി.എ പഠനവുമായി പൂരങ്ങളുടെ നാടായ തൃശൂരിലായിരുന്നു. അർജന്റീന ഫാൻസിന്റെ ഗ്രൂപ് ഉണ്ടാക്കിയും കോളജിൽനിന്നും മറ്റും പിരിവ് നടത്തി മറഡോണയും പിള്ളേരും വരുന്നു എന്ന ഫ്ലക്സ് വെച്ചതും അധികം ആയുസ്സില്ലാതെ ആ വേൾഡ് കപ്പും സങ്കടത്തിന്റെ വിസിൽ മുഴക്കത്തോടെ അവസാനിച്ചതും ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു.
ഈ സങ്കടങ്ങളെല്ലാം മാറിയത് 2021ൽ അർജന്റീന കോപ്പ കിരീടം നേടി മാറക്കാനായിൽ നെഞ്ച് നിവർത്തി നിന്നപ്പോഴും 2022ൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽപിച്ച് കിരീടം നേടിയപ്പോഴുമായിരുന്നു.
ഇത്തവണ ലോകകപ്പ് എത്തുമ്പോൾ, ആ കളിമുറ്റത്ത് ഞാനുമുണ്ട്. അർജന്‍റീന ഫാൻസ് ഖത്തർ എന്ന ആരാധകക്കൂട്ടത്തിനൊപ്പം മെസ്സിയുടെയും കൂട്ടരുടെയും കളി നേരിൽകണ്ട് ആഘോഷിക്കാൻ ടിക്കറ്റും എടുത്ത് കാത്തിരിപ്പിലാണ്. ഡിസംബർ 18ന് ലുസൈലിൽ മെസ്സി കപ്പുയർത്തുന്നത് സ്വപ്നം കണ്ടാണ് ഇപ്പോൾ ഓരോ ദിവസവും അവസാനിക്കുന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടാനുള്ള പ്രാർഥനയിലാണ് ഞങ്ങൾ ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

