വിദ്യാർഥികൾക്ക് ടിഡാപ്പ് വാക്സിൻ നിർബന്ധം; നിർദേശവുമായി ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: ഖത്തറിലെ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ടിഡാപ്പ് വാക്സിനേഷൻ കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം. ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നീ രോഗങ്ങൾ ഗുരുതരമായ സങ്കീർണതകൾക്കും വൈകല്യങ്ങൾക്കും മരണത്തിന് പോലും കാരണമായേക്കാമെന്നതിനാൽ, ഇതിനെതിരെയുള്ള ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. സ്കൂൾ പരിസരങ്ങളിൽ ഇത്തരം രോഗങ്ങൾ വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്തുള്ള വാക്സിനേഷൻ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ സഹായിക്കും.
ഖത്തറിന്റെ ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമാണ് ടിഡാപ്പ് വാക്സിൻ. പത്താം ക്ലാസ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും സഹകരണത്തോടെയാണ് വർഷം തോറുമുള്ള ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മിക്ക സർവകലാശാലകളിലും പ്രവേശനത്തിന് ഈ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനായി ഓരോ പത്ത് വർഷം കൂടുമ്പോഴും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നുണ്ട്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ വ്യക്തികൾ തങ്ങളെ മാത്രമല്ല, സമൂഹത്തെ മുഴുവനായും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുകയാണെന്നും ഇത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

