ദോഹ: കർവ ടാക്സികളുടെ മിനിമം ചാർജ് വർധനക്ക് പുറമെ കിലോമീറ്റർ നിരക്കിലും വർധന പ്രാബല്യത്തിൽ വന്നു. പുതുക്കിയ യാത്രാ നിരക്കുകൾ പ്രകാരം മിനിമം ടാക്സി നിരക്ക് 10 ഖത്തർ റിയാൽ തന്നെയായി തുടരും. എന്നാൽ, ഇതോടൊപ്പം ടെക്നോളജി സർവീസ് ചാർജായി ഒരു റിയാൽ പുതിയതായി ഏർപ്പെടുത്തി. ഇതോടെ മിനിമം നിരക്ക് 11 റിയാലായി ഉയർന്നു.
ദോഹയ്ക്കുള്ളിൽ പകൽ യാത്രയ്ക്ക് കിലോമീറ്റർ നിരക്ക് 1.20 റിയാൽ ഉണ്ടായിരുന്നത് 1.60 റിയാലായി ഉയർത്തി. ദോഹയിൽ രാത്രി യാത്രയ്ക്ക് കിലോമീറ്റർ നിരക്ക് 1.80 റിയാലിൽ നിന്ന് 1.90 റിയാലായി കൂട്ടി. ദോഹയ്ക്കു പുറത്ത് കി.മീറ്ററിന് 1.90 റിയാലാണു പകൽ, രാത്രി സമയങ്ങളിലെ നിരക്ക്. എയർപോർട്ട് പിക്ക്അപ് അടിസ്ഥാന നിരക്ക് 25 റിയാലായി തുടരും. 15 മിനിറ്റ് നേരത്തേക്ക് വെയ്റ്റിങ് ചാർജ് എട്ടു റിയാലാണ്. ടെലിഫോൺ ബുക്കിങ് നിരക്ക് ദോഹക്കുള്ളിൽ നാലു റിയാലിൽ നിന്ന് അഞ്ചു റിയാലായി വർധിച്ചു.