ദോഹ: ഖത്തർ പാരലിംപിക് കമ്മിറ്റിയുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി ആസ്പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിച്ച ആറാമത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആസ്പയറിെൻറ റമദാൻ സ്പോർട്സ് ഫെസ്റ്റിവലിെൻറ ഭാഗമായി നടത്തിയ ചാമ്പ്യൻഷിപ്പിൽ എല്ലാ കമ്മ്യൂണിറ്റികളിൽ നിന്നുമുള്ള ഭിന്നശേഷിക്കാർക്ക് പങ്കെടുക്കാനുള്ള അവസരമാണ് സംഘാടകരൊരുക്കിയിരുന്നത്.
നാല് കാറ്റഗറിയിലായി 36ലധികം പേരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അന്ധർ, ശാരീരികമായി വൈകല്യമുള്ളവർ, മാനസിക വൈലക്യം ബാധിച്ചവർ, ബധിരർ എന്നിങ്ങനെയായിരുന്നു ടീമുകളെ തരംതിരിച്ചിരുന്നത്. കാഴ്ച വൈകല്യം ബാധിച്ചവരുടെ വിഭാഗത്തിൽ ഇക്റാമി ഫുവാദ്, ശാരീരിക വൈകല്യം ബാധിച്ചവരുടെ വിഭാഗത്തിൽ നിന്ന് മുസ്തഫ അമീനും തുടർച്ചയായി രണ്ടാം വർഷത്തിലും ജേതാക്കളായി. മാനസിക വൈകല്യം ബാധിച്ചവരുടെ വിഭാഗത്തിൽ നിന്ന് മുഹമ്മദ് മൂസയും ബധിരരുടെ വിഭാഗത്തിൽ നിന്ന് ഇബ്റാഹീം മിസ്അദും ഒന്നാം സ്ഥാനത്തെത്തി.
വിജയികൾക്ക് ആസ്പയർ സോൺ ഫൗണ്ടേഷൻ, ഖത്തരി കൾച്ചറൽ ആൻഡ് സോഷ്യൽ സെൻറർ ഫോർ ഡീഫ്, ഖത്തർ പാരലിംപിക് കമ്മിറ്റി, ഉരീദു തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികൾ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അതേസമയം, ഭിന്നശേഷിക്കാർക്കായി ആസ്പയർ സോൺ ഫൗണ്ടേഷൻ സ്ക്യൂബാ ഡൈവിംഗ് ഡേ ഇന്ന് ആസ്പയർ ഡോമിൽ സംഘടിപ്പിക്കും.