പുകവലിക്കെതിരെ ജാഗ്രതാനിർദേശവുമായി ടേബ്ൾ ടോക്ക്
text_fieldsലോക പുകയിലവിരുദ്ധ ദിനത്തില്‍ ആന്റി സ്മോക്കിങ് സൊസൈറ്റി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമായി
ദോഹ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഗുരുതര പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ലോകത്ത് പുകവലിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച ടേബ്ള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനങ്ങളുള്ള ഒരു ദുരന്തമായി പുകവലി മാറിയിരിക്കുന്നുവെന്നും ഇതുസംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു.
വൈജ്ഞാനിക വിസ്ഫോടനം തീര്‍ക്കുന്ന സമ്മർദങ്ങളും അനിശ്ചിതത്വങ്ങളും കൗമാരക്കാരെയും മുതിര്‍ന്നവരെയും മാനസിക സംഘര്‍ഷങ്ങളിലേക്കാണ് പലപ്പോഴും നയിക്കുന്നത്. ഈ സംഘര്‍ഷങ്ങളും സമ്മർദങ്ങളും ക്രിയാത്മകമായ രീതിയില്‍ കൈകാര്യംചെയ്യാനാവാതെ വരുമ്പോഴാണ് പലരും ലഹരിയില്‍ അഭയംതേടുന്നതെന്ന് ആന്റി സ്മോക്കിങ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു.
പുകവലി ഒരു സാമൂഹികതിന്മയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും കനത്ത വെല്ലുവിളിയാണെന്നും ടേബ്ള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത ചെയര്മാന് ഡോ. എം.പി. ഹസന് കുഞ്ഞി പറഞ്ഞു. പുകവലിപോലെതന്നെ വേപിങ് പോലെയുള്ള ശീലങ്ങളും കൗമാരക്കാരില്‍ വളരുന്നുവെന്നത് അത്യന്തം ആശങ്കജനകമാണെന്നും സമൂഹം വളരെ ജാഗ്രത പുലർത്തണമെന്നും മെഡ് ടെക് കോര്പറേഷന് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അഖ്ദര്‍ കുദല്‍ ഉദ്ബോധിപ്പിച്ചു.
മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഡോ. എം.പി. ഷാഫി ഹാജി, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എൻജിനീയേഴ്സ് ഫോറം പ്രസിഡന്റ് മിബു ജോസ്, പ്രവാസി ഭാരതി വൈസ് പ്രസിഡന്റ് ഡോ. ഷീല ഫിലിപ്പോസ്, മെന്റ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തര്‍ കമ്മിറ്റി ചെയര്മാൻ മുത്തലിബ് മട്ടന്നൂര്‍, കുവാഖ് പ്രസിഡന്റ് നൗഷാദ് അബു, ഐ.സി.സി യൂത്ത് വിങ് പ്രതിനിധി അബ്ദുല്ല പൊയില്‍, ഡോ. സിമി പോള്‍, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍ ഫെസിലിറ്റീസ് കോഓഡിനേറ്റര്‍ ഷൈജു ടി.കെ, ലിജി അബ്ദുല്ല, ബിലാല്‍ ഹരിപ്പാട്, ഡോ. ഷഫീഖ് ഹുദവി, ജെബി കെ. ജോണ്‍, ഡോ. ഹന്ന മൊയ്തീന്, അഷ്റഫ്, ഹാഫിസ് ഹസന് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
ആന്റി സ്മോക്കിങ് സൊസൈറ്റി സ്ഥാപകനും സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ദീന് തങ്കയത്തില്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, ഫൗസിയ അക്ബര്‍, അമീന് സിദ്ദീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

