സൗഹാർദം കൊണ്ട് പ്രതിരോധം തീർക്കാൻ ആഹ്വാനവുമായി ടേബിൾ ടോക്ക്
text_fieldsപ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിൽനിന്ന്
ദോഹ: മലപ്പുറം ജില്ലയെ ഉന്നംവെച്ചുള്ള തെറ്റായ പ്രചാരണങ്ങളും രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ജില്ലയെ ചിത്രീകരിക്കാനുള്ള ബോധപൂർവ ശ്രമങ്ങളും സൗഹാർദം കൊണ്ട് പ്രതിരോധിക്കണമെന്ന് പ്രവാസി വെൽഫെയർ ടേബിൾ ടോക്ക്. പ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റി ‘സമകാലിക കേരളം- മലപ്പുറത്തിന് പറയാനുള്ളത്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ വിവിധ സംഘടന ഭാരവാഹികൾ സംസാരിച്ചു.
ഉത്തരവാദപ്പെട്ടവരിൽനിന്നുണ്ടാവുന്ന വംശീയ പ്രസ്താവനകളും കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുകൾ അടക്കം ഒരു ജില്ലയോട് ചേർത്തു വെക്കുന്നതും സംഘ് പരിവാർ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഹീന ശ്രമങ്ങളാണ്. ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളും ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയുകയും പൊലീസിലെ അടക്കം ശക്തികൾക്കുള്ള സ്വാധീനങ്ങൾ പുറത്ത് കൊണ്ടുവരും വിധം കൃത്യമായ അന്വേഷണം നടക്കുകയും വേണം.
ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയിലെ പ്രവാസി സമൂഹത്തിൽനിന്നും കൂടുതൽ പ്രതികരണങ്ങൾ ഉയർന്നു വരണമെന്നും ജില്ലയുടെ നന്മകൾ പ്രചരിപ്പിച്ചും വിവിധ മണ്ഡലങ്ങളിൽ നിർമാണാത്മക പ്രവർത്തനങ്ങൾ കൊണ്ട് മാതൃക തീർത്തും ഇനിയും ജാതി-മത ഭേദമില്ലാതെ ജില്ലയിലെ നിവാസികൾ മുന്നോട്ടു പോവണമെന്നും ടേബിൾ ടോക്കിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു. ടേബിൾ ടോക്ക് പ്രവാസി വെൽഫെയർ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഷീദലി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട്, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റിയംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഇൻകാസ് മലപ്പുറം ജില്ല സെക്രട്ടറി ആഷിഖ് തിരൂർ , ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ , മെജസ്റ്റിക് മലപ്പുറം ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, മഷൂദ് തിരുത്തിയാട് , ചാലിയാർ ദോഹ പ്രസിഡന്റ് സിദ്ദീഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള സമാപന പ്രസംഗം നടത്തി. ഫഹദ് മലപ്പുറം സ്വാഗതം പറഞ്ഞു. റഫീഖ് മേച്ചേരി, അഷ്ഹർ അലി, കബീർ പൊന്നാനി, ശാക്കിർ മഞ്ചേരി, സൈഫുദ്ദീൻ, റഹ്മത്തുള്ള തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

