ടി 100 വേൾഡ് ട്രയാത്ത്‌ലൺ ഫൈനൽ ലുസൈൽ സിറ്റിയിൽ
text_fieldsദോഹ: ഖത്തർ വേദിയാകുന്ന ടി 100 ട്രയാത്ത്‌ലൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ലുസൈൽ സിറ്റി ആതിഥേയത്വം വഹിക്കും. ടി100 ട്രയാത്ത്‌ലൺ ലോക ചാമ്പ്യൻഷിപ്പ് ഡിസംബർ 10 മുതൽ 13 വരെ ദോഹക്കും ലുസൈലിനുമിടയിൽ നടക്കും. പ്രെഫഷനൽ ട്രയാത്ത്‌ലറ്റ്‌സ് ഓർഗനൈസേഷൻ, വേൾഡ് ട്രയാത്ത്‌ലൺ, ഖത്തർ സൈക്ലിങ് ആൻഡ് ട്രയാത്ത്‌ലൺ ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് വിസിറ്റ് ഖത്തർ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. ഏപ്രിലിൽ സിംഗപ്പൂരിൽ ആരംഭിച്ച് ഡിസംബറിൽ ഖത്തറിൽ അവസാനിക്കുന്ന ടി100 ട്രയാത്ത്‌ലൺ ഒമ്പത് റേസുകളായി വ്യാപിച്ചുകിടക്കുന്നു.
രണ്ട് കിലോമീറ്റർ നീന്തൽ, നഗരത്തിലെ പ്രധാന തെരുവുകളിലൂടെ 80 കിലോമീറ്റർ സൈക്ലിങ്, ലുസൈൽ പ്ലാസയിലും ബൊളെവാഡിലുമായി 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന 100 കിലോമീറ്റർ ട്രയാത്ത്‌ലണിൽ അമേച്വർ അത്‌ലറ്റുകൾ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളെ ഒരുമിപ്പിക്കുന്ന പ്രധാന മത്സരം കൂടിയാണ് ടി100 ട്രയാത്ത്‌ലൺ വേൾഡ് ചാമ്പ്യൻഷിപ്പ്. ടെയ്‌ലർ നിബ്, മാർട്ടൻ വാൻ റൈൽ തുടങ്ങിയ മുൻ ചാമ്പ്യന്മാർ, ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് ജേതാക്കൾ എന്നിവർക്ക് പുറമേ 13 രാജ്യങ്ങളിൽ നിന്നുള്ള ഒളിമ്പിക് ചാമ്പ്യന്മാരും ലോക ചാമ്പ്യൻഷിപ്പ് ജേതാക്കളും ഇതിനകം തന്നെ 2025ലേക്കുള്ള പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്. ലോക കായിക ഭൂപടത്തിലെ ആഗോളകേന്ദ്രവും സ്‌പോർട്‌സ് ടൂറിസത്തിലെ മുൻനിരക്കാരുമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് ടി100 ട്രയാത്ത്‌ലൺ ലോക ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

