ആദ്യ മാതൃകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ നാഷണൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെൻററിലെ പ്രഥമ മാതൃകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഖത്തറിലെ കാൻസർ ചികിത്സാ രംഗത്തെ വൻ കുതിച്ചുചാട്ടമായാണ് ഇതിനെ കണക്കാക്കുന്നത്. എൻ.സി.സി.സി.ആറിലെ വിദഗ്ധ മെഡിക്കൽ സംഘമാണ് രക്തത്തിലെ മാതൃകോശം മാറ്റിവെക്കുന്ന പ്രഥമ ശസ്ത്രക്രിയ( അലോജനിക് ഹെമറ്റോപോയറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാേൻറഷൻ–അലോജനിക് എച്ച്.എസ്.സി.ടി)ക്ക് നേതൃത്വം നൽകിയത്. രക്താർബുദത്തിെൻറ മൂർത്തരൂപമായ പ്രത്യേക ലുക്കീമിയ സ്ഥിരീകരിച്ച 32 കാരിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
നാല് കുട്ടികളുടെ മാതാവായ രോഗിക്ക് ഈ വർഷമാദ്യമാണ് ലുക്കീമിയയുടെ ആദ്യഘട്ടത്തിലുള്ള ഹൈപ്പർ ലുക്കോസൈറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. തുടർന്ന് എൻ.സി.സി.സി.ആറിൽ പ്രവേശിക്കപ്പെട്ട യുവതിയുടെ മജ്ജ പരിശോധനയിലാണ് പ്രത്യേക ലു ക്കീമിയ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് വിദഗ്ധർ മാതൃകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് ജനിതകമായി സാദൃശ്യമുള്ള അടുത്ത ബന്ധുക്കളിൽ നിന്ന് മാതൃകോശങ്ങൾ സ്വീകരിക്കേണ്ടതിനാൽ യുവതിയുടെ രണ്ട് സഹോദരങ്ങൾ സ്വയം സന്നദ്ധരായി രക്തം നൽകാൻ മുന്നോട്ട് വരികയും മൂത്ത സഹോദരെൻറ രക്തം ഏറ്റവും അനുയോജ്യമെന്ന് കണ്ട് അവരിൽ നിന്നും രക്തത്തിലെ മാതൃകോശങ്ങൾ സ്വീകരിക്കുകയുമായിരുന്നു.
വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, എച്ച്.എം.സി ആക്ടിംഗ് സി.എം.ഒ ഡോ. അബ്ദുല്ല അൽ അൻസാരി, കോർപറേഷനിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവരുമൊത്ത് രോഗിയെ സന്ദർശിച്ചു. രോഗിയുമായി സംസാരിച്ച അവർ, ശസ്ത്രക്രിയയിൽ പങ്കെടുത്ത മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അർബുദ ചികിത്സാ രംഗത്ത് ഏറ്റവും മികച്ച ചികിത്സ നൽകുകയെന്ന ശ്രമങ്ങളുടെ ഭാഗമായി മാതൃകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ നിർണായക ചുവടുവെപ്പാണെന്നും രക്താർബുദത്തിനെതിരെ ഏറ്റവും നൂതനമായ ചികിത്സ നൽകുന്നുവെന്നതിനുള്ള സൂചനയാണ് ശസ്ത്രക്രിയയുടെ വിജയമെന്നും ഡോ.ഹനാൻ അൽ കുവാരി പറഞ്ഞു. രക്താർബുദമുൾപ്പെടെയുള്ള രക്തസംബന്ധമായ മാരകരോഗങ്ങൾക്കുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാരീതിയാണ് മാതൃകോശങ്ങൾ മാറ്റിവെക്കൽ ശസ്ത്രക്രിയ. മറ്റവയവങ്ങൾ മാറ്റിവെക്കുന്നതിനേക്കാൾ ഏറ്റവും സങ്കീർണ്ണമായ പ്രക്രിയയാണ് ഇതിൽ നടക്കുന്നത്.
രോഗിയുടെ പ്രായം, ദാതാവുമായുള്ള പൊരുത്തം, ലുക്കീമിയയുടെ സ്വഭാവം, രോഗസ്ഥിതി എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സയുടെ ഫലം നിർണയിക്കുന്നത്. ലുക്കീമിയ ചികിത്സയിൽ മാതൃകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
