Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​:...

കോവിഡ്​: വിമാനടിക്കറ്റ്​ തുക തിരിച്ചുകൊടുക്കണമെന്ന്​​ സുപ്രീംകോടതി; പ്രവാസികൾക്ക്​ ആശ്വാസം

text_fields
bookmark_border
കോവിഡ്​: വിമാനടിക്കറ്റ്​ തുക തിരിച്ചുകൊടുക്കണമെന്ന്​​ സുപ്രീംകോടതി; പ്രവാസികൾക്ക്​ ആശ്വാസം
cancel

ദോഹ: വിമാനടിക്കറ്റ്​ എടുക്കുകയും കോവിഡ്​ പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരികയും ചെയ്​തവർക്ക്​ ടിക്കറ്റിൻെറ തുക തിരികെ നൽകണമെന്ന സുപ്രീംകോടതി വിധി പ്രവാസികൾക്കടക്കം ആശ്വാസമാകും. വിമാനടിക്കറ്റിൻെറ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ്​ സുപ്രിം കോടതി വ്യാഴാഴ്​ച വിധി പ്രഖ്യാപിച്ചത്​. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് വിധി.

ഇത്തരത്തിലുള്ള വിമാനടിക്കറ്റുകൾക്ക്​ റീഫണ്ട്​ നൽകുമെന്നാണ്​ കോവിഡിൻെറ ആദ്യഘട്ടത്തിൽ വിമാനകമ്പനികൾ അറിയിച്ചിരുന്നത്​. എന്നാൽ വിമാനകമ്പനികൾ പിന്നീട്​ നിലപാട്​ മാറ്റി. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ്​ ഉപയോഗിച്ച്​ യാത്രചെയ്യാമെന്നാണ്​ പിന്നീട്​ അറിയിച്ചത്​. എന്നാൽ പല പ്രതിസന്ധികൾ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത്​ പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്ത പ്രവാസികൾക്ക്​ നേരത്തേയെടുത്ത വിമാനടിക്കറ്റിൻെറ തുക തിരിച്ചുകിട്ടാത്ത അവസ്​ഥയുണ്ടായി. ഈ ഘട്ടത്തിലാണ്​ പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുന്നത്​.

സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്​

ലോക്ക് ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ പതിനഞ്ച് ദിവസത്തിനകം റീഫണ്ട് നൽകണമെന്നാണ്​ സു​പ്രീംകോടതി വിമാനകമ്പനികളോട്​ ഉത്തരവിട്ടിരിക്കുന്നത്​. സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു ക്രഡിറ്റ്​ ഷെല്ലിലേക്ക്​ തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങിനെ മാറ്റിവെക്കുന്ന ക്രഡിറ്റ്​ ഷെൽ തുകക്ക് നഷ്​ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇന്നസെൻറീവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന്​ നൽകണം.

ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകണം. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

2021 മാർച്ച് മാസം 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിൻെറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിദേശ വിമാനങ്ങളുടെ കാര്യത്തിലും റീഫണ്ട് ബാധകമായിരിക്കും. ടിക്കറ്റ് എവിടെ നിന്ന് എടുത്താലും ഇക്കാര്യം ബാധകമാണ്​.


വിമാനകമ്പനികളുടെ കൈവശമുള്ളത്​ യാത്രക്കാരുടെ കോടികൾ

കോവിഡ്​പ്രതിസന്ധി മൂലം പതിനായിരക്കണക്കിന്​ ആളുകൾക്കാണ്​ മുൻകൂട്ടി ടിക്കറ്റെടുത്തിട്ടും വിമാനയാത്ര സാധ്യമാകാതെ വന്നിരുന്നത്​. എല്ലാ രാജ്യങ്ങളും കോവിഡ് മൂലം അന്താരാഷ്​ട്ര വിമാനവിലക്ക്​ ഏർപ്പെടുത്തിയതോടെയാണിത്​.​ യാത്രമുടങ്ങിയതോടെ ഇത്തരത്തിൽ കോടിക്കണക്കിന്​ രൂപയാണ്​ നിലവിൽ വിമാനകമ്പനികളുടെ കൈവശം എത്തിയിരിക്കുന്നത്​. ആദ്യഘട്ടത്തിൽ തുക റീഫണ്ട്​ നൽകുമെന്നായിരുന്നു വിമാനകമ്പനികൾ അറിയിച്ചിരുന്നത്​.

എന്നാൽ പിന്നീട്​ കമ്പനികൾ നിലപാട്​ മാറ്റുകയായിരുന്നു. ടിക്കറ്റ്​ കാൻസൽ ചെയ്യാതിരുന്നാൽ നിശ്​ചിത കാലയളവിനുള്ളിൽ യാത്രചെയ്യാനാകുമെന്നാണ്​ കമ്പനികൾ പിന്നീട്​ അറിയിച്ചത്​. എന്നാൽ വന്ദേഭാരത്​ വിമാനങ്ങളിലടക്കം അടിയന്തരമായി ആളുകൾനാട്ടിലെത്തി. ഇവർക്ക്​ പിന്നീടൊരു യാത്ര അസാധ്യമാവുകയും ചെയ്യുന്ന സ്​ഥിതിയാണ്​. ഇതോടെ മിക്കവർക്കും നേരത്തേ വിമാനടിക്കറ്റ്​ എടുത്ത ഇനത്തിൽ വൻതുക നഷ്​ടപ്പെടുന്ന സ്​ ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ്​ സു​പ്രീംകോടതി വിധി പ്രവാസികൾക്കടക്കം ആശ്വാസം തീർക്കുന്നത്​.

നേരത്തേ കേസിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്​മൂലത്തിലും വിമാനടിക്കറ്റ്​ റീഫണ്ട്​ നൽകണമെന്നതടക്കമുള്ള​ ആശ്വാസകരമായ കാര്യങ്ങളാണുണ്ടായിരുന്നത്​.

പ്രവാസി ലീഗൽ സെൽ

2009ലാണ്​ പ്രവാസി ലീഗൽ സെൽ പ്രവർത്തനം ആരംഭിച്ചത്​. ഇതിനകം നിരവധി പ്രവാസികാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്​. കോവിഡ് കാലത്ത് മാത്രം പത്തോളം കാര്യങ്ങളിലാണ് പ്രവാസി ലീഗൽ സെൽ കോടതികളെ സമീപിച്ചത്. സംഘടന നൽകിയ കേസിലുണ്ടായ പുതിയ കോടതി വിധിയിലൂടെ നഷ്​ടപ്പെടുമായിരുന്ന കോടിക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് തിരികെ ലഭിക്കുകയെന്ന്​ ദോഹയിലെ പ്രവാസി സാമൂഹികപ്രവർത്തകൻ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിൻെറ ഖത്തർ കൺട്രി ഹെഡ്​ ആണ്​ ഇദ്ദേഹം. സു​പ്രീംകോടതി വിധിയെ പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്റർ സ്വാഗതം ചെയ്​തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ്​ അഡ്വ. ജോസ് അബ്രഹാം മുഖേനയാണ് സുപ്രിം കോടതിയിൽ പൊതു താൽപര്യ ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qutarDGCAFlight Refund
Next Story