അമീറിന്റെ അധ്യക്ഷതയിൽ സുപ്രീം കൗൺസിൽ യോഗം ചേർന്നു
text_fieldsദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺസിലിന്റെ വർഷത്തിലെ മൂന്നാമത് യോഗം ചെയർമാൻ കൂടിയായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. അമിരി ദിവാനിൽ നടന്ന യോഗത്തിൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു.
സുപ്രീം കൗൺസിലിന്റെ രണ്ടാം യോഗത്തിലെ നിർദേശങ്ങളും തീരുമാനങ്ങളും പ്രോജക്ട് ഫോളോഅപ് റിപ്പോർട്ടും അവലോകനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകളും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തിൽ വിശകലനം ചെയ്തു. കൃഷി, മത്സ്യ, മൃഗ ഉൽപാദന മേഖലയെ സംബന്ധിച്ച മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ഗതാഗത, സംഭരണ മേഖലയുമായി ബന്ധപ്പെട്ട് അനുബന്ധ മന്ത്രാലയത്തിന്റെയും അവതരണങ്ങൾ കൗൺസിൽ അവലോകനം ചെയ്തു. അജണ്ടയിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയും അവ സംബന്ധിച്ച് ഉചിത തീരുമാനങ്ങളെടുക്കുകയും ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.