പുതുതലമുറയിൽ പരിസ്ഥിതി ചിന്തകളുടെ വേനൽക്കാലം
text_fields1.സ്കൂൾ വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച കാർഷിക ശിൽപശാലയിൽനിന്ന് 2. ഫ്രണ്ട്സ് ഓഫ് എൻവയൺമെന്റ് സെന്ററിനു കീഴിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായി അംഗങ്ങൾ അൽ ഹൻസബ് റിസർവ് സന്ദർശിക്കുന്നു
ദോഹ: നാടും പച്ചപ്പും നിലനിർത്തി പരിസ്ഥിതി ബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുന്നതിനായി വേനൽക്കാല പരിപാടികൾക്ക് തുടക്കമായി. രാജ്യത്തെ യുവതലമുറയെ പങ്കാളികളാക്കിക്കൊണ്ട് അൽ ഹൻസാബ്, അലസെം ക്യാമ്പ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് കായിക-യുവജന മന്ത്രാലയത്തിനു കീഴിലെ ഫ്രണ്ട്സ് ഓഫ് എൻവയൺമെന്റാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഖത്തറിലെ യുവാക്കൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പരിസ്ഥിതി സംരക്ഷണം അടുത്തറിയാൻ കര-കടൽ യാത്രകൾ നടത്താനുള്ള അവസരവും ഒരുക്കിയാണ് വേനൽക്കാല പരിസ്ഥിതി ബോധവത്കരണം. ‘ഐഡിയാസ് ഫ്രം എക്സ്ട്രാ ഫാബ്രിക്സ്’ എന്ന ശീർഷകത്തിൽ ശിൽപശാലയോടെ ആരംഭിച്ച പരിപാടിയിൽ പാഴ്വസ്തുക്കളെ എങ്ങനെ കരകൗശല വസ്തുക്കളും നിത്യോപയോഗ വസ്തുക്കളുമാക്കി മാറ്റാം എന്ന് പരിശീലനം നൽകുന്നു.
ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളിൽ നിന്നും വീട്ടുപകരണങ്ങൾ നിർമിക്കുന്നതിൽ വനിതകൾക്ക് പരിശീലനം നൽകി. പൂന്തോട്ട പരിപാലനത്തിന്റെയും വീടുകളിൽ ചെടികൾ നട്ടുവളർത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ശിൽപശാല ചൊവ്വാഴ്ച നടക്കും.
വെള്ളിയാഴ്ച യുവാക്കൾക്ക് അൽ ഹൻസാബ് റിസർവിലേക്കുള്ള യാത്രയും സംഘടിപ്പിച്ചു. ഖത്തറിലെ വൈവിധ്യമാർന്ന സസ്യങ്ങളെയും ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നതിലും അവയുടെ ആവാസവ്യവസ്ഥ കാത്തുസൂക്ഷിക്കുന്നതിലും ഇവയുടെ പങ്കിനെക്കുറിച്ച് പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനാണ് യാ ത്ര.
‘വിത്ത് മുതൽ ഫലം വരെ’ എന്ന തലക്കെട്ടിൽ വീട്ടിലെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ശിൽപശാല ജൂലൈ 18ന് പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്നുണ്ട്. ജൂലൈ 19ന് ഖത്തറിന്റെ സമ്പന്നമായ ജലാശയങ്ങളിലേക്ക് അതിന്റെ വൈവിധ്യത്തെക്കുറിച്ചറിയുന്നതിനും അവിടെയുള്ള സമുദ്രജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനുമായുള്ള യാത്രയും നടക്കും.
‘കൗൺസിൽ ഓഫ് ഐഡിയാസ്’ എന്ന തലക്കെട്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മത്സരമുൾപ്പെടെയുള്ള കൂടുതൽ പരിപാടികൾ ആഗസ്റ്റ് മാസത്തിൽ നടക്കുമെന്ന് ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു. പ്രാദേശിക ഭൂമിയുടെയും സമുദ്ര പരിസ്ഥിതിയുടെയും വികസനം സംബന്ധിച്ച ആശയങ്ങൾ കൈമാറുന്ന പരിപാടിയുടെ അവസാനത്തിൽ മത്സരങ്ങളിൽ വിജയികളായവരെ തിരഞ്ഞെടുക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
പ്രാദേശിക പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അധികൃതരുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് യുവാക്കൾക്ക് പ്രത്യേകമായുള്ള വേനൽക്കാല പരിപാടികൾ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

