അടിമുടി പൊള്ളുന്നു; കരുതൽ വേണം
text_fieldsദോഹ: അടിമുടി പൊള്ളിക്കുന്ന ചൂട് വർധിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വകുപ്പ്. അന്തരീക്ഷ താപം 40 കടന്നതോടെ ഗൾഫ് മേഖലയാകെ ചുട്ടുപൊള്ളുകയാണ്. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകളിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്തു. അൽഖോർ (41), ഗുവൈരിയ (41), ശഹാനിയ (42), ജുമൈലിയ (43), തുറൈന (42), കരാന (42) എന്നിവിടങ്ങളിലാണ് ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചെറിയ കാറ്റോടുകൂടിയ ചൂടേറിയ കാലാവസ്ഥക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ടായിരുന്നു.
വേനൽക്കാലം പാരമ്യത്തോട് അടുക്കുമ്പോൾ പ്രദേശത്തെ ഹ്യുമിഡിറ്റിയുടെ സൂചനയായി ചൂട് ഇനിയും കൂടുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും മുൻകരുതൽ എടുക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓരോ ദിനവും അന്തരീക്ഷ താപനില മുകളിലോട്ടാണ് കുതിക്കുന്നത്. ഒപ്പം, പൊടിക്കാറ്റ് മുന്നറിയിപ്പ് സൂചനകളുമുണ്ട്.അമിതമായ ചൂട് കാരണം സൂര്യാഘാതവും സൂര്യാതപവും ഉണ്ടായേക്കാം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍, ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണംമൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ശരീര താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം.
ശ്രദ്ധിച്ചില്ലെങ്കില്‍ അത്യാപത്ത്
- അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം. ചൂടായ സ്ഥലത്തുനിന്ന് നേരിട്ട് ശീതീകരിച്ച അവസ്ഥയിലേക്ക് പോകരുത്.
- ചൂടുള്ള കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. വായുസഞ്ചാരമുള്ളതും വിയർപ്പ് ആഗിരണം ചെയ്യുന്നതുമായ പരുത്തി, ലിനൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇറുകിയതും റയോൺ, പോളിസ്റ്റർ, നൈലോൺ, വെൽവെറ്റ് തുടങ്ങിയ തുണികളാൽ നിർമിച്ച വസ്ത്രങ്ങൾ കഴിയുന്നതും ഉപയോഗിക്കരുത്.
- ആസ്തമ രോഗികളെ സംബന്ധിച്ച്, ഉയർന്ന ഈർപ്പം, പൊടി നിറഞ്ഞ അന്തരീക്ഷം എന്നിവയിൽ കൂടുതൽ ജാഗ്രത പാലിക്കണം. ഈ കാലാവസ്ഥയിൽ ഔട്ട്ഡോർ പരിപാടികൾ ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ പ്രത്യേകിച്ചും വ്യായാമം ചെയ്യുമ്പോഴും സൈക്കിൾ ഓടിക്കുമ്പോഴും നടക്കുമ്പോഴും മരുന്നുകളും ഇൻഹേലൽ അടക്കമുള്ള ഉപകരണങ്ങൾ കരുതുകയും ചെയ്യണം.
- ഭക്ഷ്യവസ്തുക്കൾ കൂടുതൽകാലം തണുപ്പിൽ സൂക്ഷിക്കരുത്. ചൂട് കാലാവസ്ഥയിൽ ഭക്ഷ്യവസ്തുക്കൾ കൂടുതൽ നേരം ശീതീകരണാവസ്ഥയിൽ സൂക്ഷിക്കരുത്. ഇത് ഭക്ഷണം കേടാകുന്നതിനും ഭക്ഷ്യവിഷബാധ, അണുബാധ തുടങ്ങിയവക്ക് കാരണമായേക്കാം.
- ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ, ചർമം വരണ്ടുപോകുന്നതിൽനിന്ന് രക്ഷ നേടുന്നതിന് സൺസ്ക്രീൻ പുരട്ടുക, കണ്ണുകൾക്ക് സംരക്ഷണം നൽകാൻ ഉചിതമായ സൺഗ്ലാസുകൾ ധരിക്കുക, വലുപ്പമുള്ള വായുസഞ്ചാരമുള്ള തൊപ്പികളോ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് തടാൻ കുടകളോ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

