അഞ്ചു മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായി വേനലവധി ക്യാമ്പ്
text_fieldsദോഹ: അൽ മദ്രസ അൽ ഇസ്‍ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി അഞ്ചു മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "നൂർ" സമ്മർ ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. വേനലവധിക്കാലം കുട്ടികൾക്ക് വിജ്ഞാനപരവും സൃഷ്ടിപരവും മൂല്യാധിഷ്ഠിതവുമായ അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആത്മീയ, ധാർമിക, സാമൂഹിക, വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിവിധ പഠന-പരിശീലന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.
ഖുർആൻ, ഹദീസ് പഠനങ്ങൾ, ഇസ്‌ലാമിക മൂല്യബോധ ക്ലാസുകൾ, പബ്ലിക് സ്പീക്കിങ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്, കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സെഷനുകൾ കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമിട്ട് ഒരുക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം വിനോദവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ചുള്ള പരിപാടികളാണ് ക്യാമ്പിന്റെ പ്രത്യേകത. ബർവ വില്ലേജിൽ ജൂലൈ 12 മുതൽ ഓഗസ്റ്റ് 18 വരെ, ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസവും വൈകുന്നേരം മൂന്നു മുതൽ ആറു വരെ ക്യാമ്പ് നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 55060680 എന്ന നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

