സുഹൈൽ നക്ഷത്രമുദിച്ചു; കടുത്ത വേനൽച്ചൂടിന് ആശ്വാസം
text_fieldsദോഹ: മാസങ്ങൾ നീണ്ട കടുത്ത വേനൽച്ചൂടിന് ആശ്വാസമായി രാജ്യത്തെ കാലാവസ്ഥയിൽ മാറ്റം വരുന്നു. ഖത്തർ കാലാവസ്ഥാ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച റിപ്പോർട്ടുകൾ പ്രകാരം തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുറഞ്ഞ താപനില 28 -29 ഡിഗ്രിവരെ രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അബൂസംറയിൽ 26 ഡിഗ്രി വരെയാണ് കുറഞ്ഞ താപനില ഖത്തർ കാലാവസ്ഥാ വിഭാഗം രേഖപ്പെടുത്തിയത്. പകൽ സമയത്തെ കുറഞ്ഞ താപനില ശരാശരി ഉയർന്നതാണെങ്കിലും, രാജ്യം അനുഭവിച്ച കഠിനമായ ചൂടിൽനിന്ന് സാധാരണ താപനിലയിലേക്കുള്ള മാറ്റമാണിത്. ബുധനാഴ്ച അബൂസംറ (40-29), തുറൈന (43-30), അൽഖാർ (41-29), ഗൂവൈരിയ (41-29), റുവൈസ് (30-39), ദുഖാൻ (37-31) എന്നിങ്ങനെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.
ഖത്തറിലെയും അറേബ്യൻ ഉപദ്വീപിലെയും കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായ സുഹൈൽ നക്ഷത്രം കഴിഞ്ഞദിവസം ഉദിച്ചിരുന്നു. ഖത്തറും ഇതര ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുള്ളവർ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ചൂടുകാലം തള്ളിനീക്കുന്നത് സുഹൈലിന്റെ വരവും പ്രതീക്ഷിച്ചാണ്. അവർക്കുള്ള ആശ്വാസ വാർത്തയായിരുന്നു ആഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം ആകാശത്ത് തെളിഞ്ഞത്. 52 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസണിൽ അന്തരീക്ഷ താപനില ക്രമേണ കുറയുകയും മൺസൂൺ കാലാവസ്ഥ തുടങ്ങുകയും ചെയ്യും.കൂടാതെ, പകൽ സമയം കുറയുകയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. വേനൽ സീസണിന്റെ ഒടുവിലത്തെ നക്ഷത്രമായാണ് സുഹൈലിനെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

