സുഹൈൽ ഫാൽക്കൺ മേള ഇന്നുമുതൽ കതാറയിൽ
text_fieldsദോഹ: പരമ്പരാഗത അറബ് പൈതൃകവും പെരുമയും ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറക്ക് പകർന്നുനൽകി അന്താരാഷ്ട്ര ഫാൽക്കൺ എക്സിബിഷന് ഇന്ന് തിരിതെളിയും. വിവിധ ഇനം ഫാൽക്കൺ പക്ഷികളുടെ പ്രദർശനവും വിൽപനയും ഫാൽക്കൺ വേട്ടക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശവും ഒരുക്കി സുഹൈൽ ഫാൽക്കൺ മേള -ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ സെപ്റ്റംബർ 8 മുതൽ 12 വരെ കതാറ കൾച്ചറൽ വില്ലേജ് വേദിയാകും.
മേളയുടെ പത്താമത് പതിപ്പിനാണ് ഇത്തവണ വേദിയാകുന്നത്. ഇതോടനുബന്ധിച്ച് ഫാൽക്കൺ ഹണ്ടിങ് മത്സരവും നടക്കും. സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ടിന്റെ പിന്തുണയോടെ വിവിധ ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഖത്തറിന്റെ പ്രധാന വാർഷിക സാംസ്കാരിക -വിനോദ പരിപാടികളിലൊന്നായ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് സന്ദർശകരും ഫാൽക്കൺ പ്രേമികളും കുടുംബങ്ങളുമാണ് പങ്കെടുക്കാറുള്ളത്. ഇത്തവണ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, പോളണ്ട്, പാകിസ്താൻ, തുർക്കിയ, ഉൾപ്പെടെ 14 പ്രമുഖ രാജ്യങ്ങളിൽനിന്നായി വിവിധ കമ്പനികളും പങ്കെടുക്കും.
മുന്തിയ ഇനം ഫാൽക്കണുകളുടെ പ്രദർശനത്തിനും വിൽപനയ്ക്കും പുറമെ വേട്ടയാടൽ, ഫാൽക്കൺ വളർത്തൽ, ക്യാമ്പിങ് സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്ന 155ലധികം മുൻനിര കമ്പനികളാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്.
4x4 വാഹനങ്ങൾ എന്നിവയുടെ വിൽപനയും പ്രദർശനവും, ഫാൽക്കൺ പരിചരണത്തെയും ചികിത്സയെയും കുറിച്ചുള്ള പ്രത്യേക പ്രഭാഷണങ്ങൾ, പൊതുജന ശ്രദ്ധ ആകർഷിക്കുന്ന ഫാൽക്കൺ ലേലം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. പ്രദർശനത്തിൽ വേട്ടക്ക് ആവശ്യമായ തോക്കുകൾക്കും പക്ഷികൾക്കും തത്സമയ ലൈസൻസിങ് സഹായം, ബിസിനസ് ഗ്രൂപ്പുകൾക്കായി പ്രത്യേക ബി 2 ബി മാച്ച് മേക്കിങ് ലോഞ്ച് എന്നിവ സംഘാടകർ ഒരുക്കുന്നുണ്ട്.
വിനോദ പരിപാടികൾ, വർക്ക്ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങി കുടുംബത്തോടൊപ്പം വേനൽക്കാല വിനോദം ആഘോഷിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഖത്തറിന്റെ പരമ്പരാഗത സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന പ്രതേക മേഖലയും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കും. ഫാൽക്കൺ വളർത്തൽ, വേട്ടയാടൽ, ഖത്തരി പൈതൃകം, സാഹസിക വിനോദങ്ങൾ എന്നിവയിൽ താൽപര്യമുള്ളവരെയും പങ്കാളികളെയും പ്രദർശനത്തിലേക്ക് ക്ഷണിക്കുന്നതായി കതാറ കൾച്ചറൽ വില്ലേജ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

