ഉഭയ കക്ഷി ബന്ധം സുദൃഢമാക്കാൻ ഖത്തർ–സുഡാൻ രാഷ്ട്രീയ സമിതി
text_fieldsദോഹ: ഖത്തറും സുഡാനും തമ്മിൽ നടക്കുന്ന ചർച്ചകൾ ഏകീകരിക്കുന്നതിന് രാഷ്ട്രീയ സമിതി രൂപീകരിച്ചു. വർഷത്തിൽ രണ്ട് തവണ ഈ സമിതി യോഗം ചേർന്ന് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങൾക്കിടയിൽ ഉഭയ കക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഈ യോഗങ്ങളിൽ നടക്കുകയെന്ന് സുഡാൻ വിദേശകാര്യ മന്ത്രി ഇബ്രാഹീം ഗദ്ദൂർ അറിയിച്ചു.
സുഡാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ സഹകരണവും പിന്തുണയുമാണ് ഖത്തർ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സുഡാനിൽ എത്തിയാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക സന്ദേശം അദ്ദേഹം സുഡാൻ പ്രസിഡൻറ് ഉമർ ബഷീറിന് കൈമാറി.
സുഡാനിലെ സുരക്ഷയും ആഭ്യന്തര സമാധാനവും അടക്കമുള്ള വിഷയങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ദാർഫോർ പ്രശ്നം ഖത്തർ മുൻകൈ എടുത്താണ് പരിഹരിച്ചത്. ഇരു രാഷ്ട്രങ്ങൾക്കും പൊതുവായി താൽപര്യമുള്ള വിഷയങ്ങൾ കൈകകാര്യം ചെയ്യുക, തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുക എന്നിവയായിരിക്കും സമിതിയുടെ പ്രധാന പ്രവർത്തനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.