ഹജ്ജ് പാസ്പോർട്ട് സമർപ്പിക്കൽ: പ്രവാസികൾക്ക് ഇളവ് ആവശ്യപ്പെട്ട് നിവേദനം
text_fieldsകെ.എം.സി.സി ഖത്തർ ഭാരവാഹികൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകുന്നു
ദോഹ: ഹജ്ജ് തീർഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച തീർഥാടകർക്ക് ഒറിജിനൽ പാസ്പോർട്ട് മാസങ്ങൾക്ക് മുമ്പ് സമർപ്പിക്കണമെന്ന നിബന്ധനയിൽ പ്രവാസികൾക്ക് ഇളവ് നൽകാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ഖത്തർ നേതാക്കൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം കൈമാറി. പ്രവാസികൾ ഹജ്ജ് തീർഥാടനത്തിനായി നേരിടുന്ന പ്രധാന പ്രശ്നങ്ങളെ ഗൗരവപൂർവം കാണണമെന്നും, അവരുടെ സൗകര്യത്തിനായി പ്രത്യേകമായി 20 ദിവസത്തെ ഹജ്ജ് യാത്രാ പാക്കേജ് ആവിഷ്കരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒറിജിനൽ പാസ്പോർട്ട് ഹജ്ജ് യാത്രക്കു മുന്നോടിയായി ഏകദേശം ഒരാഴ്ച മുമ്പ് മാത്രം സമർപ്പിക്കാനാകുന്ന രീതിയിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യവും ഉന്നയിച്ചു. പ്രസ്തുത വിഷയത്തിൽ മന്ത്രിതല ചർച്ചകളിലൂടെ പ്രവാസികൾക്ക് ഗുണപ്രദമായ മാറ്റങ്ങൾ വരുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉറപ്പുനൽകി.
കെ.എം.സി.സി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, സംസ്ഥാന ഭാരവാഹികളായ സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, താഹിർ താഹാക്കുട്ടി, ശംസുദ്ദീൻ വാണിമേൽ, കെ.എം.സി.സി ഖത്തർ സീനിയർ നേതാവ് അഹമ്മദ് അടിയൊട്ടിൽ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.