ഖത്തറിൽ യുവാക്കളിൽ കോവിഡ് സാധ്യത കൂടുതലെന്ന് പഠനം
text_fieldsദോഹ: കോവിഡ് മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിൽ യുവാക്കളെയാണ് രോഗം കൂടുതലായി ബാധിച്ചതെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രോഗികളിൽ ഏറെയും ഏഷ്യൻ വംശജരും പുരുഷന്മാരുമായിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികളേക്കാൾ ക്ലിനിക്കൽ രോഗലക്ഷണങ്ങളുള്ളവരിൽ കോവിഡ് രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്നും 2020ലെ പഠനത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാക്സിനേഷനുമുമ്പുള്ള ഒന്നാം തരംഗത്തിൽ കോവിഡ് ബാധിച്ച് പി.എച്ച്.സി.സിയിൽ രജിസ്റ്റർ ചെയ്ത വ്യക്തികളുടെ സാംക്രമികരോഗ സ്വഭാവ സവിശേഷതകളും പോസിറ്റിവിറ്റി നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങളും വിവരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരേക്കാൾ ഏഷ്യക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
60ന് താഴെയുള്ള വ്യക്തികൾക്കിടയിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക്, ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ നടപടികളുടെ ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഖത്തർ മെഡിക്കൽ ജേണലിൽ ഈയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടി.പി.എച്ച്.സി.സി ഹെൽത്ത് സെൻററുകളിൽ 379204 വ്യക്തികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയതിൽ 48.2 ശതമാനം സ്ത്രീകളും 51.8 ശതമാനം പുരുഷന്മാരുമാണ്. ഇവരുടെ ശരാശരി പ്രായം 32 (21-42) ആണ്. പരിശോധിക്കപ്പെട്ടവരിൽ 48.2 ശതമാനം പേരും 19-39ലുള്ളവരായിരുന്നു.
പരിശോധനക്ക് വിധേയരായ 24 ശതമാനം പേർ 40-59നിടയിലുള്ളവരും 21.8 ശതമാനം പേർ 0-18 വയസ്സിനിടയുള്ളവരുമാണ്. 2020 മാർച്ച് 11 മുതൽ ഡിസംബർ 31 വരെയുള്ള വിവരങ്ങളാണ് പഠനം വിശകലനം ചെയ്തത്. പരിശോധനക്ക് വിധേയരായവർ, പോസിറ്റിവിറ്റി നിരക്ക്, രാജ്യം, വയസ്സ്, പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ തുടങ്ങിയവയാണ് പഠനത്തിൽ പരിശോധിച്ചത്.കോവിഡ് പരിശോധനക്ക് വിധേയമാക്കപ്പെട്ടവരിൽ 57 ശതമാനം പേരും മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.
ഏഷ്യയിൽനിന്നും 32.5 ശതമാനം പേരാണ് പരിശോധിക്കപ്പെട്ടത്. ഇവരിൽ ഏഷ്യയിൽനിന്നും 13.9 ശതമാനം പേർ കോവിഡ് പോസിറ്റിവായപ്പോൾ മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് 11.1 ശതമാനം പേരും ആഫ്രിക്കയിൽനിന്ന് 10 ശതമാനം പേരും പോസിറ്റിവായി.ഏഷ്യൻ പുരുഷന്മാരിൽ ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റിവ് നിരക്ക് 15.7 ശതമാനമാണ്. ഇൻഫ്ലുവൻസ, ശ്വാസകോശ സംബന്ധമായ അണുബാധ തുടങ്ങി ക്ലിനിക്കൽ രോഗലക്ഷണങ്ങളുള്ളവരിൽ രോഗബാധ നിരക്ക് കൂടുതലാണെന്നും (18.3 ശതമാനം) പഠനത്തിൽ വ്യക്തമാക്കുന്നു
കോവിഡ് ചട്ടലംഘനം; 364 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് രോഗ വ്യാപനത്തിനിടെ പരിശോധന സജീവമാക്കി ആഭ്യന്തര മന്ത്രാലയം. പ്രോട്ടോകോൾ ലംഘനത്തിന് ബുധനാഴ്ച 364 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇവരിൽ 361 പേർക്കെതിരെയും മാസ്ക് ധരിക്കാത്തതിനാണ് നടപടി. മൂന്നുപേർ ഇഹ്തിറാസ് ആപ്ലിക്കേഷൻ സ്വീകരിക്കാത്തതിനും നടപടിക്ക് വിധേയരായി.
രോഗവ്യാപനം കൂടിയതോടെയാണ് രാജ്യത്ത് അടച്ചിട്ട പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്. ഷോപ്പുകൾ, മാളുകൾ, പള്ളി, പൊതുഗതാഗത സംവിധാനങ്ങൾ, ജിം, സിനിമ തിയറ്റർ, ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

