സ്റ്റുഡന്റ്സ് ഇന്ത്യ സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsദോഹ: സ്റ്റുഡൻറ്സ് ഇന്ത്യ ഖത്തറുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഷഹാനിയയിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ സെഷനുകളിലായി നിർമിതബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ, കരിയർ ഗൈഡൻസ്, ധാർമിക-വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിഷയാവതരണവും ചർച്ചയും നടന്നു. വിദ്യാർഥികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ഫുട്ബാൾ, വടംവലി, വാട്ടർപോളോ തുടങ്ങിയ മത്സരങ്ങളും മറ്റു ഗെയിമുകളും ദൈനംദിന ജീവിതത്തിലെ വ്യായാമങ്ങളുമായി ബന്ധപ്പെട്ട സെഷനും സംഘാടകർ ഒരുക്കിയിരുന്നു.
വിദ്യാഭ്യാസ മേഖലയിൽ നിർമിതബുദ്ധി ടൂളുകളുടെ സാധ്യതകളെക്കുറിച്ച് ഫഹദ് ഹനീഫ, മുബാറക് മുഹമ്മദ് എന്നിവർ സംസാരിച്ചു. ആസ്ക് ദ സ്കോളർ സെഷനിൽ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി, കൾചറൽ എക്സ്പെഡിഷൻ എന്ന വിഷയത്തിൽ ഡോ. ഹുസൈൻ കടന്നമണ്ണ, ഫ്രൻഡ്ഷിപ് റീൽ ആൻഡ് റിയൽ എന്ന തലക്കെട്ടിൽ ജംഷീദ് ഇബ്രാഹിം, വ്യക്തിത്വ വികാസം ഇസ്ലാമിക വീക്ഷണത്തിൽ ശൈഖ് അബൂ ഹനീഫ എന്നിവർ പങ്കെടുത്തു. മറ്റു സെഷനുകളിലായി ഷഫീഖ് അലി, അസ്ലം തൗഫീഖ്, ഡോ. സലീൽ ഹസൻ, ഷാകിർ, ഷാബിർ ഹമീദ് എന്നിവരും പങ്കെടുത്തു.
യൂത്ത് ഫോറം പ്രസിഡൻറ് എസ്.എസ്. മുസ്തഫ, സ്റ്റുഡൻറ്സ് ഇന്ത്യ ഖത്തർ പ്രസിഡൻറ് സഅദ് അമാനുല്ല, ജനറൽ സെക്രട്ടറി അബ്സൽ മുഹമ്മദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഭാവിതലമുറക്ക് അവരുടെ കരിയറിനെക്കുറിച്ച ഉൾക്കാഴ്ച നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിദ്യാർഥികളിൽ ശാരീരിക, മാനസിക ആരോഗ്യം നിലനിർത്തുന്നതിനും അവരെ ആത്മവിശ്വാസമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിനുമായി യൂത്ത് ഫോറം സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന പരിപാടികളും ശിൽപശാലകളും സംഘടിപ്പിച്ചിരുന്നു.
വിജയകരമായ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചതിന് യൂത്ത് ഫോറം ഖത്തറിനും സ്റ്റുഡൻറ്സ് ഇന്ത്യക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും നന്ദി അറിയിക്കുകയാണെന്നും പഠന, വിനോദ, വിജ്ഞാന സെഷനുകളിലൂടെ വിദ്യാർഥികൾ ക്യാമ്പ് ആസ്വദിച്ചുവെന്ന് ഉറപ്പുപറയാനാകുമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
വിജയകരമായ ഒരു ക്യാമ്പ് കൂടി സംഘടിപ്പിക്കാനായതിൽ ഏറെ അഭിമാനിക്കുന്നുവെന്നും ക്യാമ്പിൽ പങ്കെടുത്ത ഓരോ വിദ്യാർഥിക്കും മികച്ച അനുഭവം നൽകാനും അവരിൽ ധാർമിക, സാമൂഹിക പ്രതിബദ്ധത മൂല്യങ്ങളെക്കുറിച്ച അവബോധം സൃഷ്ടിക്കാൻ ക്യാമ്പിന് കഴിഞ്ഞിട്ടുണ്ടെന്നും യൂത്ത് ഫോറം ഖത്തർ പ്രസിഡൻറ് എസ്.എസ്. മുസ്തഫ പറഞ്ഞു.
എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി എല്ലാ വർഷവും യൂത്ത് ഫോറം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

