പാഠപുസ്തക കൈമാറ്റത്തിന് വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ
text_fieldsദോഹ: ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറുന്നതിനായി വെബ്സൈറ്റ് ഒരുക്കി വിദ്യാർഥി കൂട്ടായ്മ. സ്റ്റുഡൻസ് ഇന്ത്യ ഖത്തറിന്റെയും ഗേൾസ് ഇന്ത്യ ഖത്തറിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാഠപുസ്തകങ്ങൾ കൈമാറാനുള്ള വെബ്സൈറ്റ് തയാറാക്കിയത്.
കഴിഞ്ഞ അധ്യായന വർഷത്തിൽ വിദ്യാർഥികൾ ഉപയോഗിച്ച പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് കൈമാറുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. 'ദോഹ ബുക് ഷെൽഫ്' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ, വാർത്തയിൽ തന്നിരിക്കുന്ന ക്യൂ.ആർ കോഡ് വഴിയോ https://siq.cicqatar.org എന്ന വെബ്സൈറ്റ് വഴിയോ പ്രവേശിക്കാം.വിദ്യാർഥികൾക്ക് അവരുടെ പുസ്തകം സംഭാവന നൽകാനും, ആവശ്യമുള്ള ക്ലാസിലേക്ക് വേണ്ട പുസ്തകങ്ങൾ ശേഖരിക്കാനും വെബ്സൈറ്റിൽ സൗകര്യമുണ്ട്. പുസ്തകം നൽകുന്നവർക്ക് ഇതു സംബന്ധിച്ച് വിശദവിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.
തുടർന്ന് ആവശ്യക്കാർ ഈ പുസ്തകങ്ങൾക്കായി റിക്വസ്റ്റ് ചെയ്യും. ഈ റിക്വസ്റ്റ് പുസ്തകം സംഭാവന നൽകാൻ സന്നദ്ധനായ വ്യക്തി അപ്രൂവ് ചെയ്യുന്നതോടെ പുസ്തകം ആവശ്യമുള്ള വ്യക്തികൾക്ക്, അദ്ദേഹവുമായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാനും പുസ്തകം ശേഖരിക്കാനും സാധിക്കും. വർഷങ്ങളായി സ്റ്റുഡൻസ് ഇന്ത്യയും ഗേൾസ് ഇന്ത്യയും നടത്തിവരുന്ന പുസ്തക കൈമാറ്റം പരിപാടിയുടെ തുടർച്ചയാണ് ഈ വർഷവും വിപുലമായ തോതിൽ പുസ്തകങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കിയത്.
പരിസ്ഥിതി സൗഹൃദമായ വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കുകയും വിദ്യാഭ്യാസ ചെലവ് ചുരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലെയും ഒന്നു മുതൽ പ്ലസ് ടു വരെയുള്ള പുസ്തകങ്ങൾ കൈമാറാൻ ദോഹ ബുക്ക് ഷെൽഫിൽ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

