ഖത്തറിൽ ശക്തമായ കാറ്റ്; ജാഗ്രതാ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഫലമായി തിങ്കളാഴ്ച പുലർച്ച ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നേരിയ പൊടിപടലങ്ങൾ വീശിയടിച്ചു. കാലാവസ്ഥ വിഭാഗം തിങ്കളാഴ്ച രാജ്യത്ത് ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. അതിന്റെ ഫലമായി പൊടിപടലങ്ങൾ വീശുമെന്നും ഇതു കാഴ്ചപരിധി കുറക്കുമെന്നും നിർദേശം നൽകി. അന്തരീക്ഷത്തിൽ പൊടിപടലമുയർന്നതിനാൽ പലയിടത്തും കാഴ്ചപരിധി മൂന്ന് കിലോമീറ്ററിലും താഴെ വന്നതായി ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ, വടക്കൻ അറേബ്യൻ ഉപദ്വീപിൽനിന്ന് പൊടിപടലങ്ങൾ രാജ്യത്തേക്ക് നീങ്ങുന്നതായി കാണിച്ചിരിക്കുന്നു. വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ നിർദേശം നൽകിയിട്ടുണ്ട്.
നിർദേശങ്ങൾ പാലിക്കണം
- പൊടിപടലം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക
- മുഖവും വായും മൂക്കും നിരന്തം ശുദ്ധജലം കൊണ്ട് കഴുകുക
- പുറത്തിറങ്ങുമ്പോൾ കണ്ണട ഉപയോഗിക്കുക.
- മാസ്ക് ധരിക്കുന്നത് പതിവാക്കുക
- കണ്ണിൽ പൊടി, കരട് വീണാൽ കൈ കൊണ്ട് തിരുമ്മുന്നത് ഒഴിവാക്കുക, ഉടൻ തന്നെ വെള്ളം കൊണ്ട് കഴുകുക
- വീട്, ഓഫിസ് ഉൾപ്പെടെ കെട്ടിടങ്ങളുടെ ജനലുകളും വാതിലും അടച്ചിടുക.
- അനാവശ്യ യാത്രകൾ ഒഴിവാക്കുക. പ്രായമുള്ളവരും ആസ്തമ പ്രശ്നമുള്ളവരും പുറത്തിറങ്ങുന്നത് ഒഴിവാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

