ലഹരിക്കടത്തിന് തട; ഖത്തറിന് നന്ദി അറിയിച്ച് കുവൈത്ത്
text_fieldsപിടികൂടിയ ലഹരിമരുന്ന്
ദോഹ: ഖത്തറിന്റെയും കുവൈത്തിന്റെയും സംയുക്ത സുരക്ഷ ഓപറേഷൻ വഴി തടഞ്ഞത് വൻ ലഹരിക്കടത്ത്. വ്യോമമാർഗം കുവൈത്തിലെത്തിക്കാൻ ശ്രമിച്ച 75,000ത്തോളം വരുന്ന ക്യാപ്റ്റഗൺ മയക്കുമരുന്നാണ് സംയുക്ത നീക്കത്തിലൂടെ തടഞ്ഞത്.സൈക്കോട്രോപ്പിക് മയക്കുമരുന്നുകൾ സ്പെയർ പാർട്സുകൾക്കുള്ളിൽ വളരെ വിദഗ്ധമായി സൂക്ഷിച്ചുവെച്ച് കടത്താനായിരുന്നു ശ്രമം. യൂറോപ്യൻ രാജ്യത്തുനിന്ന് ഗൾഫ് മേഖലയിലേക്ക് വലിയ തോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കുവൈത്ത് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ നേതൃത്വത്തിൽ ലഹരിഗുളിക പിടികൂടുകയും സിറിയക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഖത്തർ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു. യൂറോപ്യൻ രാജ്യത്തുള്ള ബന്ധു വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.
വലിയ തോതിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്ത് തടയുന്നതിൽ വലിയ പങ്കു വഹിച്ച ഖത്തർ സുരക്ഷ അധികാരികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രശംസിച്ചു. അപകടകരമായ വിപത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന് ഗൾഫ് സുരക്ഷാ ഏജൻസികൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

