ഫിഫ ലോകകപ്പ്- ഖലീഫ സ്റ്റേഡിയം ഈ വര്‍ഷം തുറക്കും
text_fieldsദോഹ: ഫിഫ ലോകകപ്പിനായി പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം 2017ന്‍െറ രണ്ടാം പാദത്തിന്‍െറ അവസാനത്തോടെ തുറക്കുമെന്ന് പ്രതീക്ഷ. ലോകകപ്പിനായുള്ള പദ്ധതികളുടെ നിര്‍മ്മാണങ്ങള്‍ കൃത്യസമയത്ത് തീര്‍ക്കാനുള്ള പ്രയത്നത്തിലാണെന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരമോന്നത കമ്മിറ്റിയുടെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം പൂര്‍ത്തീകരിക്കപ്പെടുക. ഇതിനുശേഷം അല്‍ഖോറിലെയും അല്‍വക്രയിലെയും സ്റ്റേഡിയങ്ങളും തുറക്കും.
2018ന്‍െറ അവസാനത്തോടെയാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക. അല്‍ റയാന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയങ്ങള്‍ 2019ല്‍ തുറക്കും. മറ്റു സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 2020 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അല്‍ ഖാതര്‍ വ്യക്തമാക്കി. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനായി എട്ടു സ്റ്റേഡിയങ്ങളാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് മാസത്തിലാണ് ഇതിന്‍െറ അന്തിമ ഘട്ട തീരുമാനം വരുകയെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഖത്തറിന് വലിയ നേട്ടമാണുണ്ടാവുക. ലോകകപ്പ് ഫുട്ബോള്‍ കാണാമായി എത്തുന്നവര്‍ക്ക് താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ രാജ്യത്തിന്‍െറ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഖത്തറിന്‍െറ ടൂറിസം മേഖലയ്ക്കും ഇത് മുതല്‍കൂട്ടാകും.
ദശലക്ഷത്തിലധികം കാണികളെയാണ് ഖത്തര്‍ ലോകകപ്പില്‍ പ്രതീക്ഷിക്കുന്നത്. അഞ്ച്, ആറ് ലക്ഷം കാണികളായിരുന്നു മുമ്പ് മറ്റുരാജ്യങ്ങളില്‍ നടന്ന ഫിഫ ലോകകപ്പുകള്‍ക്ക് ഉണ്ടായിരുന്നത്. ഖത്തര്‍ എയര്‍വെയ്സിന്‍െറയും എമിറേറ്റ്സ് പോലുള്ള പ്രാദേശിക എയര്‍ലൈനുകളുടെയും സേവനം കൂടുതല്‍ കാണികളെ ഖത്തറിലെ ലോകകപ്പിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍. 60,000 ഹോട്ടല്‍ റൂമുകളാണ് ഫിഫക്ക് ആവശ്യമായിവരിക. എന്നാല്‍ 90,000ത്തോളം റൂമുകള്‍ രാജ്യം ഉറപ്പുനല്‍കിയിട്ടുണ്ട്. കാണികള്‍ക്കായി പ്രത്യേക വിലേജുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ലോകകപ്പിനുശേഷം സ്റ്റേഡിയം മുതലായവ പുനരുപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചില സ്റ്റേഡിയങ്ങള്‍ ക്ളബ്ബുകളാക്കി അതാത് പ്രദേശങ്ങളിലുള്ളവരുടെ ഉപയോഗത്തിനായി നല്‍കുകയും മറ്റുള്ളവ അവിടെയുള്ള ആളുകളുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
