ഭിന്നശേഷി സൗഹൃദമാണ് സ്റ്റേഡിയങ്ങൾ
text_fields
ഫിഫ അറബ് കപ്പിൽനിന്ന്
ദോഹ: മേഖലയിലെ കായികോത്സവമായ ഫിഫ അറബ് കപ്പിന് പന്തുരുളുമ്പോൾ കളിയെയും കളിയാവേശത്തെയും എല്ലാവർക്കും ആസ്വാദ്യകരമാക്കിയ ഖത്തറിന്റെ ഒരുക്കങ്ങൾ ശ്രദ്ധേയമാണ്. ഭിന്നശേഷിക്കാർക്ക് തടസ്സരഹിത അനുഭവം ഉറപ്പാക്കുന്നതിന് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 2022ലെ ലോകകപ്പിൽ സ്റ്റേഡിയങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഒരുക്കിയ സംവിധാനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സംവിധാനങ്ങൾ വീണ്ടും അറബ് കപ്പിലൂടെ ഒരുക്കുകയാണ് ഖത്തർ.
എല്ലാവരും ഒരുപോലെ ആസ്വദിക്കുന്ന കായിക വിനോദമാണ് ഫുട്ബാൾ. മേഖലയിലെ ആരാധകർ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അറബ് കപ്പിന്റെ ആവേശവും അഭിനിവേശവും ഭിന്നശേഷി ആരാധകർക്കും ഉറപ്പാക്കുമെന്ന് എൽ.ഒ.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ റാശിദ് അൽ ഖാതിർ പറഞ്ഞു. ഭിന്നശേഷി ആരാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിരവധി ഒരുക്കങ്ങളാണ് നടത്തിയത്.
ഭിന്നശേഷിക്കാരായ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രത്യേക ഇരിപ്പിട സൗകര്യം ലഭ്യമാണ്. വീൽചെയർ സഹിതം ഗാലറിയുടെ പ്രധാന മേഖലയിൽ ഇരുന്ന് കളികാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ആറ് സ്റ്റേഡിയങ്ങളിലും വീൽചെയർ പ്രവേശനമുള്ള സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. പരിമിതമായി ചലനശേഷിയുള്ള ആരാധകർക്കുള്ള ഇടങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇരിപ്പിട ഓപ്ഷനുകൾ ഉറപ്പാക്കന്നു. കൂടാതെ, പ്രത്യേക പാർക്കിങ് സ്ഥലം, കൺസഷൻ സ്റ്റാൻഡുകൾ, ടോയ്ലറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷി ഫുട്ബാൾ ആരാധകർക്കായി തിരഞ്ഞെടുത്ത മത്സരങ്ങൾക്ക് സ്മാർട്ട്ഫോൺ ആപ് വഴി ഓഡിയോ ഡിസ്ക്രിപ്റ്റിവ് കമന്ററി ലഭ്യമാണ്. ആരാധകർക്ക് ആപ് ഡൗൺലോഡ് ചെയ്ത് കോഡ് നൽകി അവർക്കിഷ്ടമുള്ള ഓഡിയോ ചാനൽ തിരഞ്ഞെടുക്കാനും സാധിക്കും. ഹെഡ്ഫോണുകൾ ഉപയോഗിച്ച് മത്സരത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പ്രധാന വിവരങ്ങൾ വിശദീകരിക്കുന്ന കമന്ററി ആരാധകർക്ക് കേൾക്കാം. ലുസൈൽ, എജുക്കേഷൻ സിറ്റി, അൽ ബൈത്ത് സ്റ്റേഡിയങ്ങളിൽ ന്യൂറോഡൈവർജന്റ് ആവശ്യങ്ങൽക്കായി സെൻസറി റൂമുകളും ഒരുക്കിയിട്ടുണ്ട്.
അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം ഉൾപ്പെടെ തിരഞ്ഞെടുത്ത മത്സരങ്ങളിൽ നിരവധി ഭിന്നശേഷിയുള്ള കുട്ടികൾ പ്ലെയർ എസ്കോർട്ടുകളായി കളിക്കളത്തിലിറങ്ങിയതും ശ്രദ്ധേയമായി. ഇത് ഭിന്നശേഷി കുട്ടികളെ ചേർത്തുപിടിക്കുന്നതായിരുന്നു.
ഭിന്നശേഷി ആരാധകർക്ക് accessibility.tickets@sc.qa എന്ന ഇ-മെയിലിലേക്ക് സന്ദേശമയച്ച് പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റ് അപേക്ഷകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. ഇ-മെയിൽ അയച്ചുകഴിഞ്ഞാൽ, ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഓട്ടോമേറ്റഡ് മറുപടി ലഭിക്കും.
ടിക്കറ്റ് കൈവശമുള്ളവർ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുമ്പോൾ രേഖകൾ കൈയിൽ കരുതണം. സഹായികൾക്ക് കമ്പാനിയൻ ടിക്കറ്റുകളും ലഭ്യമാണ്. മത്സര ഷെഡ്യൂളിനും പ്രവേശനക്ഷമതയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും: www.roadtoqatar.qa സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

