ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ണായകഘട്ടത്തിലേക്ക്. ദോഹയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ വടക്കായി ലുസൈല്‍ സിറ്റിയിലാണ് സ്റ്റേഡിയം. 2022 ലോകകപ്പിെൻറ ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയമാണ് ലുസൈല്‍. നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി അധികൃതര്‍ അറിയിച്ചു.
ഡ്രില്ലിങ്, അനുബന്ധ സേവനപ്രവൃത്തികള്‍ എന്നിവ 100ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രോമെക്കാനിക്കല്‍ ഉപകരണങ്ങളുടെ ഘടിപ്പിക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഫൗണ്ടേഷന് പ്രവൃത്തികള്‍ 80ശതമാനം പൂര്‍ത്തിയായി. കിഴക്കന്‍, പടിഞ്ഞാറന്‍ കാബിനുകളുടെ നിര്‍മാണം, വിശിഷ്ടവ്യക്തികള്‍ക്കായുള്ള പ്രധാന ക്യാബിന്, മാധ്യമപ്രവര്‍ത്തകര്‍ക്കായി നാലാം നിലയില്‍ ക്യാബിന് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇരിപ്പിടങ്ങളുടെ അനുബന്ധ പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്. ഉപഘടനാ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകും.
ഗ്രൗണ്ടില്‍ നിന്നും ഉയരുന്ന സൂപ്പര്‍സ്ട്രക്ചര്‍ ഉടന്‍തന്നെ കണ്ടുതുടങ്ങാനാകും. ഓരോദിവസവും സ്റ്റേഡിയം സൈറ്റില്‍ മാറ്റങ്ങളുണ്ടാകുന്നു. പ്രധാന സ്റ്റേഡിയം ലൊക്കേഷനില്‍ നിന്ന് മാറിയാണെങ്കിലും അതിെൻറ പരിസരത്തുതന്നെയായി 3500 തൊഴിലാളികളെ ഉള്‍ക്കൊള്ളാനുള്ള താമസസൗകര്യം പൂര്‍ത്തിയായിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ്, ബാര്‍ബേഴ്സ്, വോളിബോള്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, ഇൻറര്‍നെറ്റ് കഫേ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോളപ്രശസ്തമായ ഫോസ്റ്റര്‍ പ്ലസ് പാര്‍ട്ട്നേഴ്സ് കമ്പനിക്കാണ് ഡിസൈന്‍ കരാര്‍ ലഭിച്ചിരിക്കുന്നത്. 80,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഉണ്ട്. ഹരിതസാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം. 2016ലാണ് സ്റ്റേഡിയത്തിെൻറ സൈറ്റ് പ്രവൃത്തികൾ തുടങ്ങിയതെന്ന് സുപ്രീംകമ്മിറ്റി ലുസൈല്‍ സ്റ്റേഡിയം പ്രൊജക്റ്റ് മാനേജര്‍ തമീം അല്അബെദ് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ പുരോഗതി കൈവരിക്കാനായതായി അദ്ദേഹം പറഞ്ഞു. 2020ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.