ശ്രീനിവാസൻ കലയിലൂടെ മികച്ച സന്ദേശം നൽകിയ നടൻ -ഫ്രന്റ്സ് കൾച്ചറൽ സെന്റർ
text_fieldsദോഹയിൽ എഫ്.സി.സി സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണ ചടങ്ങിൽനിന്ന്
ദോഹ: തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ മലയാള സിനിമക്ക് അതുല്യ സംഭാവനകൾ നൽകിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ എന്ന് ഫ്രന്റ്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി) അനുസ്മരിച്ചു.
ദോഹയിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത അനുശോചന യോഗത്തിൽ ശ്രീനിവാസനുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങൾ പങ്കുവെച്ചു. താൻ നടത്തുന്ന കലാവിഷ്കാരങ്ങൾ വെറുമൊരു നേരമ്പോക്കായി അദ്ദേഹം കണ്ടിരുന്നില്ല. എല്ലാ സിനിമകളിലും എന്തെങ്കിലുമൊരു സന്ദേശം നൽകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. വടക്കുനോക്കി യന്ത്രവും ചിന്താവിഷ്ഠയായ ശ്യാമളയും നാടോടിക്കാറ്റും തുടങ്ങി ഓരോ ചിത്രവും കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് കടന്നുപോയത്.
എഫ്.സി.സിയുടെ ഖത്തർ കേരളീയം പരിപാടിയിൽ സംബന്ധിക്കാനെത്തിയ ശ്രീനിവാസൻ പ്രവാസലോകത്തെ സാംസ്കാരിക പ്രവർത്തനങ്ങളെ എടുത്ത് പറയുകയുണ്ടായി.
നടനായി മാത്രമല്ല, കഥാകൃത്തും സംവിധായകനുമായും മലയാള സിനിമയെ സമ്പന്നമാക്കിയ അപൂർവ വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് അനുശോചന പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു.
കഥാപാത്രങ്ങളിലൂടെ സാമൂഹ്യപ്രശ്നങ്ങളെ ഹാസ്യത്തോടെയും ദാർശനികമായ ആഴത്തോടെയും അവതരിപ്പിച്ച അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ എന്നും പ്രേക്ഷകഹൃദയങ്ങളിൽ ജീവിക്കുമെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു.
ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷതവഹിച്ചു. ഡോ. സാബു, റഹീം ഓമശ്ശേരി, സാം ബഷീർ, മുത്തുക്ക, അബ്ദു റൗഫ് കൊണ്ടോട്ടി, മജീദ് നാദാപുരം, ഐഷ സൈബോൾ, സുബൈർ വെള്ളിയോട്, നസീഹ മജീദ്, ജലീൽ കുറ്റ്യാടി, റഫീഖ് മേച്ചേരി, കോയ കൊണ്ടോട്ടി, ഷമീൽ, ശംസുദ്ധീൻ എന്നിവർ സംസാരിച്ചു. സുനിൽ പെരുമ്പാവൂർ സ്വാഗതവും സുനില ജബ്ബാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

