അജയ്യനായി മുഅ്തസ് ബർഷിം
text_fieldsദോഹ: ലോകകായിക സാമ്രാജ്യത്തിലെ ഉയരങ്ങളുടെ പുതിയ രാജകുമാരൻ താൻ തന്നെയാണെന്ന് ഖത്തറിെൻറ ഹൈജംപ് താരം മുഅ്തസ് ഇൗസ ബർഷിം അടിവരയിട്ടുറപ്പിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ സമാപിച്ച സീസണിലെ അവസാന ഡയമണ്ട് ലീഗ് മീറ്റിലും സ്വർണം ചാടിയെടുത്ത ബർഷിം തോൽവിയറിയാത്ത കുതിപ്പ് തുടർന്നു. സീസണിലെ ആറു ഡയമണ്ട് ലീഗ് മീറ്റുകളിലും വിജയത്തേരിലേറിയ ബർഷിം മറ്റിനങ്ങളിൽ സമാന നേട്ടം സ്വന്തമാക്കിയ രണ്ടു അത്ലറ്റുകൾക്കൊപ്പം ഡയമണ്ട് ലീഗ് ട്രോഫി കരസ്ഥമാക്കി.
സൂറിച്ചിൽ 2.36 മീറ്റർ ഉയർന്ന് ചാടിയാണ് ബർഷിം സ്വർണം മാറിലണിഞ്ഞത്. ലണ്ടനിൽ ബർഷിം ഒന്നാമതെത്തിയ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെല്ലുവിളിയുയർത്തിയിരുന്ന സിറിയയുടെ മാജിദ് അലദിൻ ഗസലും യുക്രെയ്നിെൻറ ബൊഹ്ദാൻ ബോണ്ടരെേങ്കായും 2.31 മീറ്റർ വീതം ചാടി രണ്ടും മൂന്നും സ്ഥാനത്തെത്തി. ആറു ഡയമണ്ട് ലീഗ് ഒന്നാം സ്ഥാനങ്ങളും ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സ്വർണവും കൂടാതെ അടുത്തിടെ ബർമിങ്ഹാമിൽ നടന്ന മീറ്റിൽ 2.40 മീറ്റർ താണ്ടി സീസണിൽ ലോകത്തെ മികച്ച ഉയരവും കുറിച്ചിരുന്നു ബർഷിം. ഇതോടെ 2013 മുതൽ തുടർച്ചയായ അഞ്ചാം വർഷവും 2.40 മീറ്റർ പിന്നിട്ട ബർഷിം ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ഹൈജംപറുമായി.
1991 ജൂൺ 24ന് സുഡാൻ വംശജരായ ദമ്പതികളുടെ മകനായി ദോഹയിൽ ജനിച്ച ബർഷിം ചെറുപ്പത്തിലേ കായികരംഗത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ദീർഘ, മധ്യദൂര ഒാട്ടക്കാരനായിരുന്ന പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. മുഅ്തസ് അടക്കം അഞ്ച് ആൺ മക്കളും ഒരു മകളുമായിരുന്നു ഇൗ ദമ്പതികൾക്ക്. ആൺകുട്ടികളെല്ലാം സ്പോർട്സിൽ തൽപരർ. തുടക്കത്തിൽ ഒാട്ടത്തിലും ലോങ്ജംപിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മുഅ്തസ് 15 വയസ്സിലാണ് ഹൈജംപിലേക്ക് ചുവടുമാറ്റുന്നത്. അസ്പയർ അക്കാദമിയിലെ പരിശീലനത്തിലൂടെ അതിവേഗം വളർന്ന മുഅ്തസ് 2009ൽ പോളിഷ് കോച്ച് സ്റ്റാനിസ്ലാവ് സിസിബ്രയുടെ കീഴിലെത്തിയതോടെ മികവിലേക്ക് കുതിച്ചു. 2010ൽ ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവയിലെ മെഡൽനേട്ടത്തോടെ ലോകനിലവാരത്തിലേക്കുയർന്ന ബർഷിമിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പിന്നീടുള്ള രണ്ട് ഒളിമ്പിക്സുകളിലും മെഡൽ നേടിയ ശേഷം ഇൗ വർഷത്തെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടത്തോടെ മികവിെൻറ ഉന്നതിയിലാണ് ബർഷിം. 2020ലെ ടോക്യോ ഒളിമ്പിക്സിലെ സ്വർണമാണ് ഇനി ബർഷിമിെൻറ ലക്ഷ്യം. അതിനുമുമ്പ് 2019ൽ ഏഷ്യൻ, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യം വഹിക്കുന്നത് ദോഹയാണ്. സ്വന്തം നാട്ടുകാർക്കുമുമ്പിൽ ലണ്ടനിലെ സ്വർണം നിലനിർത്തി ഒളിമ്പിക്സിനായി ഒരുങ്ങുകയാണ് ബർഷിമിെൻറ മോഹം.
26കാരനായ ബർഷിമിെൻറ അടുത്ത ഉന്നം ഇതിഹാസതാരം ക്യൂബയുടെ ഹാവിയർ സോേട്ടാമേയറുടെ പേരിലുള്ള ലോകറെക്കോഡാണ്. 1993ൽ സോേട്ടാമേയർ താണ്ടിയ 2.45 മീറ്റർ ആണ് ഇപ്പോഴും ലോകത്തെ മികച്ച ഉയരം. അതിനടുത്തെത്തിയത് 2.43 മീറ്ററുമായി ബർഷിം, ബൊൻഡാരെങ്കോ എന്നിവർ മാത്രം. മികച്ച ഫോമിൽനിൽക്കുന്ന ബർഷിമിന് സമീപഭാവിയിൽ അത് മറികടക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. അടുത്തയാഴ്ച ജർമനിയിൽ നടക്കുന്ന സീസണിലെ അവസാന മത്സരത്തിൽ ലോകറെക്കോഡിന് വേണ്ടി ശ്രമം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബർഷിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
