കലയും കായികവും ഒന്നിച്ച്; കൾചറൽ ഒളിമ്പ്യാഡുമായി സ്പോർട്സ് മ്യൂസിയം
text_fieldsത്രീ ടു വൺ ഖത്തർ സ്പോർട്സ് ആൻഡ് ഒളിമ്പിക് മ്യൂസിയം
ദോഹ: കലയും കായികവും സമന്വയിപ്പിച്ച് ത്രീ ടു വൺ ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിന്റെ സാംസ്കാരിക ഒളിമ്പ്യാഡ് ജൂൺ ഒന്ന് മുതൽ. ആധുനിക ഒളിമ്പിക് ഗെയിംസിന്റെ സ്ഥാപകനായ ബാരൺ പിയറി ഡി കുബൈർട്ടിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സ്പോർട്സിന്റെയും കലയുടെയും ചലനാത്മക ആവിഷ്കാരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന സംരംഭമാണ് സാംസ്കാരിക ഒളിമ്പ്യാഡ്.
ഒളിമ്പിക് ഗെയിംസിന്റെ മഹത്വം ഉറപ്പാക്കുന്നതിന് കലയും സാഹിത്യവും സ്പോർട്സുമായി ഒന്നിച്ചുനിർത്തുകയെന്ന കൂബെർട്ടിന്റെ ചിന്തകൾക്ക് ആദരമർപ്പിച്ച് ജൂൺ ഒന്ന് മുതൽ 24 വരെയാണ് 321 സാംസ്കാരിക ഒളിമ്പ്യാഡ് നടക്കുക. വിദ്യാഭ്യാസം, സർഗാത്മകത, ഒളിമ്പിക് പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധതയാണ് 321 സാംസ്കാരിക ഒളിമ്പ്യാഡെന്ന് 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനി പറഞ്ഞു.
കായികരംഗത്തെയും കലയെയും പരസ്പരം ബന്ധിപ്പിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അടുത്ത തലമുറയിലെ ചിന്തകരെയും ബുദ്ധിജീവികളെയും അത്ലറ്റുകളെയും വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മ്യൂസിയം പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഒളിമ്പിക്, പാരാലിമ്പിക് ചരിത്രത്തിൽനിന്ന് വരച്ച പ്രമേയങ്ങൾ, പ്രദർശനങ്ങൾ, കഥകൾ എന്നിവ ഒളിമ്പ്യാഡിനോടനുബന്ധിച്ച് പ്രദർശിപ്പിക്കും. കായികമേഖലയെ പ്രതിനിധീകരിക്കുന്ന സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഒളിമ്പ്യാഡിലൂടെ ലക്ഷ്യമിടുന്നതെന്ന് 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസുഫ് അൽ മുല്ല പറഞ്ഞു.
1912 മുതൽ 1948 വരെ ഒളിമ്പിക് ഗെയിംസിൽ സജീവമായ പരിപാടിയായിരുന്നു കൾച്ചറൽ ഒളിമ്പ്യാഡ്. ജൂൺ 23ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ വിജയികളെ പുരസ്കാരങ്ങൾ നൽകി ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

