റൂഹിമോൾക്കാകാം ഈദിയ്യ
text_fieldsദോഹ: ഇത്തവണ പെരുന്നാളിന്റെ സന്തോഷം ലോകത്തിന്റെ കാരുണ്യത്തിനായി കാത്തിരിക്കുന്ന കുഞ്ഞുമാലാഖക്കായി മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഖത്തറിലെ മലയാളി പ്രവാസി സമൂഹം. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച നാലുമാസംപ്രായമുള്ള മൽഖ റൂഹിക്ക് മരുന്ന് ലഭ്യമാക്കാനുള്ള ധനശേഖരണത്തിൽ പങ്കുചേരാൻ അവർ പരസ്പരം ആഹ്വാനം ചെയ്യുന്നു. 1.16 കോടി റിയാൽ (26 കോടി രൂപ) ആവശ്യമായ ‘സോൾജെൻസ്മ’ എന്ന ജീൻ തെറപ്പി മരുന്ന് എത്തിക്കാനുള്ള ദൗത്യത്തിന് ഖത്തർ ചാരിറ്റി മുൻ കൈയെടുത്തപ്പോൾ പിന്തുണയുമായി മലയാളി സമൂഹവും അണിചേർന്നു കഴിഞ്ഞു.
ടൈപ് വൺ എസ്.എം.എ ബാധിതയായ മൽഖക്ക് ആവശ്യമായ മരുന്ന് ഉടൻ എത്തിക്കണമെന്ന നിലയിലാണ് ഡോക്ടർമാരുടെ ആവശ്യപ്രകാരം ഖത്തർ ചാരിറ്റി തങ്ങളുടെ ഫണ്ട് ശേഖരണത്തിൽ ഉൾപ്പെടുത്തിയത്. അഞ്ചു ദിവസം മുമ്പ് ആരംഭിച്ച ധനശേഖരണത്തിൽ ഇതുവരെയായി 5.91 ലക്ഷം റിയാലാണ് ശേഖരിച്ചത്. ആവശ്യമായതിന്റെ അഞ്ചു ശതമാനം മാത്രമാണ് നിലവിലെത്തിയത്. ഖത്തർ പ്രവാസിയായ പാലക്കാട് മേപറമ്പ് സ്വദേശി റിസാൽ-നിഹാല ദമ്പതികളുടെ ഏകമകളായ കുഞ്ഞു മൽഖയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ദൗത്യത്തിൽ എല്ലാ പ്രവാസികളും പങ്കുചേരണമെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവർ അഭ്യർഥിച്ചു. ഖത്തർ ചാരിറ്റി വെബ്സൈറ്റ് വഴി ചികിത്സ സഹായത്തിന് സംഭാവന നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

