വിവിധയിടങ്ങളിൽ ഇന്ത്യക്കാർക്കായി പ്രത്യേക കോൺസുലാർ ക്യാമ്പുകൾ –അംബാസഡർ
text_fieldsഏഷ്യൻ ടൗണിലെ കോൺസുലാർ ക്യാമ്പിനെത്തിയ തൊഴിലാളികൾ
ദോഹ: ഇന്ത്യൻ എംബസിയുടെ സേവനം എല്ലായിടത്തുമുള്ള ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനായി ഖത്തറിെൻറ വിവിധയിടങ്ങളിൽ പ്രത്യേക കോൺസുലാർ ക്യാമ്പുകൾ നടത്തുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു.
ഏഷ്യൻ ടൗണിലെ ഇന്ത്യക്കാർക്കായി എല്ലാ മാസവും കോൺസുലാർ ക്യാമ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച ഏഷ്യൻ ടൗണിൽ തൊഴിലാളികൾക്ക് മാത്രമായി നടത്തിയ കോൺസുലാർ ക്യാമ്പിലാണ് അേദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യൻ ടൗണിലെ ലേബർ സിറ്റിയിലും പരിസരത്തുമുള്ള തൊഴിലാളികൾക്കായി നടത്തിയ ക്യാമ്പ് നിരവധി പേർക്കാണ് ആശ്വാസമായത്.
ക്യാമ്പിനെത്തിയവരിൽ നിന്ന് അംബാസഡർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഐ.സി.ബി.എഫുമായി സഹകരിച്ചായിരുന്നു പരിപാടി. ക്യാമ്പിൽ ആകെ 79 തൊഴിലാളികൾക്ക് വിവിധ സേവനങ്ങൾ നൽകി. പാസ്പോർട്ട് സംബന്ധമായ 44, പി.സി.സി സംബന്ധിച്ച എട്ട്, പവർ ഓഫ് അറ്റോർണിയുമായി ബന്ധപ്പെട്ട 15, അറ്റസ്റ്റേഷൻ 27 എന്നിങ്ങനെ സേവനങ്ങളാണ് നൽകിയത്. അടിയന്തര അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി കഴിഞ്ഞ നവംബർ 21ന് എംബസിയിലും പ്രത്യേക ക്യാമ്പ് നടത്തിയിരുന്നു. ഇതിൽ 511 സേവനങ്ങളാണ് നൽകിയത്.

