ജനസംഖ്യപ്രശ്നം പഠിക്കാൻ പ്രത്യേക സമിതി
text_fieldsദോഹ: രാജ്യം നേരിടുന്ന ജനസംഖ്യപരമായ പ്രശ്നങ്ങൾ പഠിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി.
പ്രശ്നങ്ങളെ വിശകലനം ചെയ്ത് ആവശ്യമായ പരിഹാരങ്ങളും നിർദേശങ്ങളുമടങ്ങിയ പഠനം മന്ത്രിസഭക്ക് മുമ്പാകെ സമർപ്പിക്കണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽ ഥാനി നിർദേശം നൽകിയിട്ടുണ്ട്. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്.
കോവിഡ് -19 പ്രതിരോധ വാക്സിൻ ആദ്യ ഷിപ്മെൻറ് ഖത്തറിലെത്തിയതിൽ മന്ത്രിസഭ സംതൃപ്തി പ്രകടിപ്പിച്ചു. 2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തർ ആതിഥ്യം വഹിച്ചതിനെ മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു. ആതിഥേയത്വത്തിന് വേണ്ടി പ്രയത്നിച്ച ഖത്തർ ഒളിമ്പിക് കമ്മിറ്റി, ദോഹ 2030 ഏഷ്യൻ ഗെയിംസ് ബിഡ് കമ്മിറ്റി എന്നിവരെയും മന്ത്രിസഭ അഭിനന്ദിച്ചു.
കോവിഡ് -19 സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളും ഏറ്റവും പുതിയ വിവരങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭയിൽ അവതരിപ്പിച്ചു. വിവിധ കരാറുകൾക്കും മന്ത്രിസഭ യോഗത്തിൽ അംഗീകാരം നൽകി. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ (പി.എസ്.എ) പുതിയ റിപ്പോർട്ട് പ്രകാരം ഖത്തറിലെ ജനസംഖ്യയിൽ കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 2.75 ദശലക്ഷം ജനസംഖ്യയുണ്ടായിരുന്നെങ്കിൽ ഈ വർഷം ഒക്ടോബറിൽ ജനസംഖ്യ 2.72ലെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പി.എസ്.എ പുറത്തിറക്കിയ മാസാന്ത റിപ്പോർട്ടിെൻറ 82ാം പതിപ്പിൽ രാജ്യത്ത് നിലവിൽ 1.960 ദശലക്ഷം പുരുഷന്മാരും 7,56,484 സ്ത്രീകളുമുണ്ടെന്നും വ്യക്തമാക്കുന്നു. ഒക്ടോബറിൽ 486 വിവാഹങ്ങളും 191 വിവാഹമോചനവും രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബറിൽ 1279 ആൺകുട്ടികളുടെതും 1130 പെൺകുട്ടികളുടെതുമടക്കം 2409 ജനനം രജിസ്റ്റർ ചെയ്തു. 226 മരണവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് പൊതു സെൻസസിെൻറ അവസാനഘട്ടം പുരോഗമിക്കുകയാണ്.
കോവിഡ് മൂലം നിർത്തിവെച്ചിരുന്ന പൊതുസെൻസസിെൻറ അവസാനഘട്ടമാണ് ഡിസംബർ ഒന്നുമുതൽ പുനരാരംഭിച്ചത്. വെബ്സൈറ്റിലൂടെയുള്ള സെൻസസ് ഡിസംബർ ഒന്നുമുതൽ 2021 ജനുവരി ഏഴുവരെയാണ് നടക്കുന്നത്. ഫീൽഡ് സെൻസസ് ഡിസംബർ 13 മുതൽ 2021 ജനുവരി മധ്യം വരെയും നടക്കും. ജനങ്ങൾ, വീടുകൾ, സൗകര്യങ്ങൾ, കുടുംബങ്ങളുടെ എണ്ണം, കുടുംബത്തിലുള്ളവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഈ ഘട്ടത്തിൽ സെൻസസ് ഉദ്യോഗസ്ഥർ ശേഖരിക്കുക.
1986, 1997, 2004, 2010, 2015 എന്നീ വർഷങ്ങളിലാണ് ഖത്തറിൽ പ്രധാന സെൻസസുകൾ മുമ്പ് നടന്നത്. രാജ്യത്ത് വിവിധ വർഷങ്ങളിലായുള്ള ജനസംഖ്യ വിലയിരുത്തി അതുമായി ബന്ധപ്പെട്ട വിവിധ നടപടികൾ സ്വീകരിക്കാനാണ് പ്രത്യേക സമിതി രൂപവത്കരിക്കാൻ ഇപ്പോൾ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

