പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ
text_fieldsസ്പീക്കപ്പ് ഖത്തർ ഫൈനൽ റൗണ്ടിൽ പങ്കെടുത്ത മത്സരാർത്ഥികൾ സംഘാടകർക്കൊപ്പം
ദോഹ: എബ്രഹാം ലിങ്കൺ മുതൽ പ്രസംഗകലയിലെ ഭീഷ്മർ സാക്ഷാൽ പനമ്പള്ളി ഗോവിന്ദമേനോനും സുകുമാർ അഴീക്കോടും വരെയുള്ള പ്രതിഭകൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തി ആയേക്കാം. പക്ഷേ, ഈ തലമുറയെ തള്ളിക്കളയാനാവില്ല. ഇവർ ഭാവി ഖത്തറിൻെറയും കേരളത്തിൻെറയും വാഗ്ദാനങ്ങളാണ്. പ്രസംഗം എന്നത് വെറും വാചകക്കസർത്തുകളും ബഹളങ്ങളുമല്ല, അതിനപ്പുറം അറിവിൻെറയും അവതരണത്തിൻെറയും സൗന്ദര്യം കൂടിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഗൾഫ് മാധ്യമം 'സ്പീക്കപ് ഖത്തർ' ഫൈനൽ പോരാട്ടം.
വിഷയ വൈവിധ്യവും അവതരണത്തിലെ മികവും ഭാഷാ നൈപുണ്യവും കൊണ്ട് കുട്ടികൾ വിധികർത്താക്കളെയും ഓൺലൈൻ വഴി ലോകത്തിൻെറ വിവിധ കോണിൽനിന്നും കാണികളായെത്തിയവരെയും വിസ്മയിപ്പിച്ചു. നാലു മിനിറ്റ് സമയം കൊണ്ട് ഏറ്റവും മനോഹരമായും ചുരുങ്ങിയ വാക്കുകൾകൊണ്ടും വിഷയം അവതരിപ്പിക്കുന്നതിൽ വിദ്യാർഥി പ്രതിഭകൾ മത്സരിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് മത്സരങ്ങൾ ആരംഭിച്ചത്. ആദ്യം, ജൂനിയർ-സീനിയർ വിഭാഗം മലയാളം മത്സരങ്ങളായിരുന്നു നടന്നത്. ദോഹ പേൾ മോഡേൺ സ്കൂളിൽ ഒരുക്കിയ വേദിയിൽ വിദ്യാർഥികൾ അണിനിരന്ന് തങ്ങളുടെ ഉൗഴം അനുസരിച്ച് പ്രസംഗിച്ചപ്പോൾ, കേരളത്തിലിരുന്ന് വിധികർത്താക്കൾ മത്സരം വീക്ഷിച്ചു.
സ്പീക്കപ് ഖത്തർ ഫൈനൽ മത്സരം നടന്ന പേൾ മോഡേൺ സ്കൂളിൽ നിന്നുള്ള ദൃശ്യം
മലയാള വിഭാഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, 'മീഡിയവൺ' ചാനൽ അസി. എക്സിക്യൂട്ടിവ് എഡിറ്റർ അഭിലാഷ് മോഹനൻ എന്നിവർ വിധികർത്താക്കളായി. തുടർന്നായിരുന്നു ഇംഗ്ലീഷ് വിഭാഗം മത്സരം നടന്നത്. എ.പി.എം. മുഹമ്മദ് ഹനീഷിനൊപ്പം മുൻ പാർലമെൻറംഗവും മുതിർന്ന അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ, 'മാധ്യമം' അസോസിയറ്റ് എഡിറ്റർ ഡോ. യാസീൻ അഷ്റഫ് എന്നിവർ മത്സരം നിയന്ത്രിച്ചു. മതനിരപേക്ഷ ഇന്ത്യയുടെ ഭാവി, ലോകകപ്പ് അറബ് മണ്ണിൽ, മാതാപിതാക്കൾ, സാമൂഹിക സൗഹാർദം, എ.പി.ജെ. അബ്ദുൽ കലാം, വായനയുടെ പ്രാധാന്യം തുടങ്ങി വിവിധ വിഷങ്ങളിൽ മത്സരം നടന്നു.
മഞ്ജു മനോജ് പരിപാടിയുടെ അവതാരകയായി. എജ്യുവേറിൻെറ നേതൃത്വത്തിൽ മികവുറ്റ സാങ്കേതിക സംവിധാനത്തോടെയായിരുന്നു മത്സരം 'ഗൾഫ് മാധ്യമം ഖത്തർ' ഫേസ്ബുക്ക് പേജ് വഴി തത്സമയം സംപ്രേഷണം ചെയ്തത്. മത്സരശേഷം, വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, പേൾ മോഡേൺ സ്കൂൾ പ്രസിഡൻറ് സാം മാത്യു, സ്കൂൾ ഡയറക്ടർ അഷ്റഫ്, ടാറ്റ ൈഫ്ല മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഫ, ഗൾഫ് മാധ്യമം ഖത്തർ മാർക്കറ്റിങ് മാനേജർ ആർ.വി. റഫീഖ്, മീഡിയവൺ ടി.വി ഖത്തർ മാർക്കറ്റിങ് മാനേജർ നിശാന്ത് തറമേൽ, എജ്യൂ വേർ ഡയറക്ടർ സി.കെ. ജസീം, ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ കെ. ഹുബൈബ് എന്നിവർ സമ്മാന വിതരണം നടത്തി.
ജൂൺ അവസാന വാരത്തിൽ ആരംഭിച്ച മത്സരങ്ങളുടെ സമാപനമാണ് വെള്ളിയാഴ്ച നടന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വിഡിയോ അയച്ച് 500ഓളം പേരാണ് അപേക്ഷിച്ചത്. അവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 പേരായിരുന്നു ഒന്നാം റൗണ്ടിൽ മത്സരിച്ചത്്. ഒരു വിഷയം നേരത്തെ നൽകിയും ഒരു വിഷയം തത്സമയം നൽകിയും നടന്ന മത്സരത്തിനൊടുവിലാണ് ഫൈനൽ റൗണ്ടിലേക്കുള്ള 24 പേരെ നിശ്ചയിച്ചത്.
വിജയികൾ ജൂനിയർ മലയാളം:
1 സെഹ്റാൻ അബീബ് (ഡി.പി.എസ് മോഡേൺ സ്കൂൾ, ഏഴാം ക്ലാസ്)
2-ആനറ്റ് ഹന്ന ജെറ്റി (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഏഴാം ക്ലാസ്)
3 ഇശാൽ സൈന (ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ, എട്ടാം ക്ലാസ്)
സീനിയർ മലയാളം
1-ഷെസ ഫാത്തിമ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഒമ്പതാം ക്ലാസ്)
2-സ്നേഹ ടോം (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, 11ാം ക്ലാസ്)
3- തീർത്ഥ അരവിന്ദ് (ഡി.പി.എസ് ഇന്ത്യൻ സ്കൂൾ, 11ാം ക്ലാസ്)
ജൂനിയർ ഇംഗ്ലീഷ്
1- മയൂഖ രഘുനാഥ് (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, എട്ടാം ക്ലാസ്)
2-ശ്രീനന്ദ (ബിർല പബ്ലിക്ക് സ്കൂൾ, ഏഴാം ക്ലാസ്)
3- ഗൗരി പുമൽകുമാർ (ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ, ആറാം ക്ലാസ്)
സീനിയർ ഇംഗ്ലീഷ്
1-സ്നേഹ ടോം (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, 11ാം ക്ലാസ്)
2-എ.എം. രക്ഷ (ബിർല പബ്ലിക്ക് സ്കൂൾ, ഒമ്പതാം ക്ലാസ്)
3- ജോൺ പോൾ ലോറൻസ് (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, 11ാം ക്ലാസ്)
എല്ലാവർക്കും അഭിമാനിക്കാം
'നല്ല അനുഭവമായിരുന്നു. തങ്ങളുടെ സത്വത്തെ മനോഹരമായി ആവിഷ്കരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. എല്ലാവരുടെയും ഉള്ളിൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാവും. അത് മനോഹരമായി പറയാൻ കഴിയുന്നതാണ് മികച്ച പ്രസംഗം. ആ തരത്തിൽ പങ്കെടുത്തവരെല്ലാം അവതരിപ്പിച്ചു. അതുകൊണ്ട് ഇവിടെ പങ്കെടുത്ത എല്ലാവർക്കും അഭിമാനിക്കാൻ അവകാശമുണ്ട്. ചിലർക്ക് ആഗ്രഹിച്ച മുഴുവനും പറയാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
കെ.ഇ.എൻ
അവർക്ക് സങ്കടപ്പെടാനില്ല. മറ്റു ചിലർ ഓരോരുത്തരും അവരവരുടേതായ രീതിയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പ്രഭാഷണത്തിൽ മാത്രമല്ല, ജീവിതത്തിൻെറ എല്ലാ മേഖലയിലും മനുഷ്യർക്ക് വ്യത്യസ്തങ്ങളായ കഴിവുകളുണ്ട്. ചിലർ വേഗം അംഗീകരിക്കപ്പെടും, മറ്റുചിലരെ അംഗീകാരങ്ങൾ പിന്നീട് തേടിയെത്തും. പക്ഷേ, മത്സരങ്ങൾക്ക് ചില പരിമിതിയുണ്ട്. ഇവിടെ കഴിവുള്ളവരുടെ എണ്ണം കൂടുതലും പുരസ്കാരങ്ങളുടെയും സ്ഥാനങ്ങളുടെയും എണ്ണം കുറവുമായിരിക്കും. എല്ലാവർക്കും ഒരേ സമയം സ്ഥാനം ലഭ്യമായില്ല എന്നുവരും. അത് വ്യക്തികളുടെ പ്രശ്നമല്ല.
ഒന്നും രണ്ടും സ്ഥാനം കിട്ടുേമ്പാഴും ഒരു സ്ഥാനം കിട്ടാതിരിക്കുേമ്പാഴും നാം നമ്മുടെ സാധ്യത വിപുലപ്പെടുത്തണം, പരിമിതികൾ മനസ്സിലാക്കണം. അതിനുള്ളിൽ നിന്നും പുറത്തുകടക്കുകയും ചെയ്യണം. അതിനുള്ള വേദിയായി മത്സരങ്ങളെ കാണുക. ഒത്തുചേരലിൻെറ മനോഹാരിതയായാണ് സ്പീക്കപ് ഖത്തർ വേദിയെ കണക്കാക്കുന്നത്. വിഷയങ്ങളെല്ലാം കാലിക പ്രസക്തമായിരുന്നു. വായനയും അന്വേഷണവും തുടരുക. ഒന്നിനും ഫുൾസ്റ്റോപ്പില്ലാതെ 'കോമ' ഇട്ടുകൊണ്ട് തുടരുക'.
വിഷയ ഗാംഭീര്യം; ഉദ്ധരണികൾ സന്ദർഭോചിതമാവണം
'വിഷയങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞു. ആശയപരമായി സമ്പുഷ്ടിയുള്ള അവതരണമായിരുന്നു. അതേസമയം, മത്സരാർഥികളുടെ ആംഗ്യവും അംഗവിക്ഷേപങ്ങളും അൽപം നിയന്ത്രിച്ചാൽ നന്നായിരുന്നു. ഉദ്ധരണികളും കവിവാക്യങ്ങളും സന്ദർഭോചിതമായി അവതരിപ്പിക്കാൻ ശ്രമിക്കണം.
എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്
എല്ലാറ്റിലുമുപരി ശ്രദ്ധേയമായ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാനും മനസ്സിലാക്കാനും അവതരിപ്പിക്കാനുമുള്ള കുട്ടികളുടെ നല്ല മനസ്സിന് അഭിവാദ്യം. മലയാളവും മലയാണ്മയെയും സ്നേഹിക്കുന്ന കുട്ടികളുടെ തലമുറ ഉയർന്നുവരട്ടെ. വിദ്യാഭ്യാസത്തിൻെറ ചുമതലയുള്ള വ്യക്തി എന്ന നിലയിൽ തീർച്ചയായും പ്രവാസി സഹോദരങ്ങളുടെയും കുടുംബത്തിൻെറയും മലയാളത്തോടുള്ള താൽപര്യം അറിയുേമ്പാൾ ഏറെ സന്തോഷമുണ്ട്'.
വായിച്ചും കേട്ടും അറിവ് വർധിപ്പിക്കുക
'വിദ്യാർഥികളുടെ ഭാഷാ നൈപുണ്യവും, വിഷത്തിലെ അവഗാഹവും അഭിനന്ദനീയമായിരുന്നു. നന്നായി പ്രസംഗിക്കുകയെന്നത് ദൈവം തരുന്ന സമ്മാനമാണ്.
സെബാസ്റ്റ്യൻ പോൾ
അറിവാണ് മികച്ച പ്രഭാഷണത്തിൻെറ കാതൽ. നന്നായി വായിച്ചും, പ്രഗത്ഭരുടെ പ്രസംഗങ്ങൾ കേട്ടും അറിവ് വർധിപ്പിക്കണം. അതാണ് മികച്ച പ്രസംഗകൻെറ അടിത്തറ'
പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ
'വിദ്യാർഥികളുടെ പ്രകടനം മികച്ചതായിരുന്നു. തങ്ങളുടെ ആശയങ്ങളും, അറിവും അവർ മനോഹരമായി അവതരിപ്പിച്ചു. നന്നായി പ്രസംഗിക്കണമെങ്കിൽ നല്ല അറിവു വേണം. അറിവ് വർധിപ്പിക്കാൻ വിശാലമായ വായനയും വേണം. ആശയം നന്നായി അവതരിപ്പിക്കാൻ, വാക്കുകൾ മാത്രം പോര.
ഡോ. യാസീൻ അഷ്റഫ്
ശരീര ഭാഷയും ശബ്ദ വിന്യാസവും ശരിയാവണം. അവതരിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ഉള്ളിൽ നിന്ന് വരുേമ്പാഴാണ്, ശരീരവും ശബ്ദവും, ബുദ്ധിയും വൈകാരികതും പ്രസംഗത്തിൻെറ ഭാഗമാവുന്നത്. എല്ലാവരുടെയും പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. നിങ്ങളുടെ കഴിവ് കൂടുതൽ മെച്ചപ്പെടുത്തുക. വിജയാശംസകൾ'
ഭാവി ഖത്തറിനും കേരളത്തിനും വാഗ്ദാനം
'മനോഹരമായിരുന്നു എല്ലാ പ്രസംഗങ്ങളും. ചില മാനദണ്ഡങ്ങളുെട അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം ഒരാൾക്കേ നൽകാനാവൂ. ബാക്കിയുള്ളവർ മോശമായി എന്ന് അതിന് അർഥമില്ല. ജൂനിയർ-സീനിയർ തലത്തിൽ മികച്ച രീതിയിൽ അവതരിപ്പിച്ചു. വളരെ ഭംഗിയായ ഭാഷയിൽ അവതരിപ്പിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. നമ്മുടെ ചുറ്റിലും സംഭവിക്കുന്ന കാര്യങ്ങളെ കുട്ടികൾ ഗൗരവത്തോടെ സമീപിക്കുന്നു എന്നതും സന്തോഷം നൽകുന്നു.
അഭിലാഷ് മോഹനൻ
ഒരു പ്രസംഗ മത്സരത്തെ സമീപിക്കുേമ്പാൾ, വിഷയാധിഷ്ഠിതമായി കാര്യങ്ങൾ പഠിച്ചെടുത്ത ശേഷം, സ്വന്തം നിലയിൽ അവതരിപ്പിക്കാൻ ശ്രമിക്കുക. സ്വന്തം മനസ്സ് അപ്പോൾ എന്തു പറയുന്നുവോ അങ്ങനെ സംസാരിക്കാൻ ശ്രമിച്ചാൽ, അൽപം കൂടി സ്വാഭാവികത നിലനിർത്താൻ കഴിയും. ഭാവി ഖത്തറിനും കേരളത്തിനും വാഗ്ദാനമാണ് നിങ്ങളൊക്കെ എന്ന് ഉറപ്പുനൽകുന്നു. എല്ലാവർക്കും നല്ല ഭാവി നേരുന്നു'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

