സൂഖിൽ കുതിരോത്സവം
text_fieldsസൂഖ് വാഖിഫിൽ ആരംഭിച്ച അറേബ്യൻ കുതിര ഷോയിൽനിന്ന് (അഷ്കർ ഒരുമനയൂർ)
ദോഹ: കുതിരപ്രേമികൾക്ക് മനം നിറയുന്ന കാഴ്ചയുമായി സൂഖ് വാഖിഫിൽ ഇക്വസ്ട്രിയൻ ഫെസ്റ്റിന് തുടക്കമായി. എട്ടു ദിവസങ്ങളിലായി നടക്കുന്ന സൂഖ് വാഖിഫ് മേള ജനുവരി 21ന് സമാപിക്കും. സൂഖിലെ വെസ്റ്റേൺ സ്ക്വയറിലാണ് തദ്ദേശീയവും അന്തർദേശീയവുമായി കുതിരകളുടെ വിശാലമായ കാഴ്ചയും പ്രകടനവും ഒരുക്കുന്ന ഫെസ്റ്റ് അരങ്ങേറുന്നത്. ആറാമത് അറേബ്യൻ കുതിര പ്രദർശനത്തോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന അറേബ്യൻ കുതിര ഷോ വ്യാഴാഴ്ച സമാപിക്കും. കിഡ്സ് ഹെറിറ്റേജ് ആൻഡ് ഇവന്റ്സ് കോമ്പിറ്റീഷൻ, 14ാമത് ഖത്തർ അറേബ്യൻ പെനിൻസുല ഹോഴ്സ് ഷോ, അറേബ്യൻ കുതിര ലേലം തുടങ്ങിയവയുമായി ഫെസ്റ്റ് ജനുവരി 21വരെ തുടരും.
വിവിധ വിഭാഗങ്ങളിലായി ശക്തമായ മത്സരങ്ങൾക്കാണ് ഇത്തവണ സൂഖ് വാഖിഫ് മേള സാക്ഷ്യം വഹിക്കുന്നതെന്ന് ജനറൽ സൂപ്പർവൈസർ അബ്ദുൽ റഹ്മാൻ അൽ നാമ അറിയിച്ചു. ഒരു വയസ്സ് മുതലുള്ള വിവിധ ഇനങ്ങളിൽപെടുന്ന മത്സരക്കുതിരകളും മറ്റും ഫെസ്റ്റിന്റെ ഭാഗമാണ്. അറേബ്യൻ കുതിര പ്രദർശനത്തിൽ 92 കുതിരകളാണ് പങ്കെടുക്കുന്നത്. എക്കാലത്തെയും വലിയ പങ്കാളിത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട്, മൂന്ന്, നാല്, ആറ് തുടങ്ങിയ പ്രായ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ട്.
ആദ്യ ദിനത്തിലെ രണ്ട് വയസ്സ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ കാൽതും അൽ നാസർ വിജയിച്ചു. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പങ്കാളിത്തവും ഇത്തവണ വർധിച്ചിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം വിവിധ കായിക മത്സരങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

