സൗരോർജം ഡബ്ൾ സ്ട്രോങ്
text_fieldsറാസ് ലഫാൻ, മിസൈദ് സൗരോർജ നിലയങ്ങളുടെ ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിക്കുന്നു.
ദോഹ: സൂര്യവെളിച്ചത്തിൽ ചുട്ടുപൊള്ളുന്ന മരുഭൂമിക്ക് മുകളിൽ, കണ്ണെത്താ ദൂരത്തിലായി വിരിച്ച സോളാർ പാനലുകൾ തീർത്ത സൗരോർജ പാടം ഇനി രാജ്യത്തിന്റെ ഊർജമായി മാറും. ഖത്തറിന്റെ സൗരോർജ ശേഷി ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് റാസ് ലഫാനിലും മിസൈദിലുമായി നിർമാണം പൂർത്തിയായ സൗരോർജ പ്ലാന്റുകൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന് സമർപ്പിച്ചു. ദോഹയിൽനിന്ന് 80 കിലോമീറ്ററോളം വടക്ക് വ്യവസായ മേഖലയായ റാസ് ലഫാനിലും തെക്കുകിഴക്കൻ മേഖലയിലെ മിസൈദിലുമായാണ് രണ്ട് പവർ പ്ലാന്റുകളുടെ നിർമാണം പൂർത്തിയാക്കിയത്.
റാസ് ലഫാൻ സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡന്റുമായ സഅദ് ശെരിദ അൽ കഅബി ഉൾപ്പെടെ ഉന്നതരും പങ്കെടുത്തു. പ്രൗഢഗംഭീരമായ ചടങ്ങിലെ ഉദ്ഘാടനത്തിനുശേഷം പ്ലാന്റുകളുടെ നിർമാണത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തുടർന്ന് കൃഷിയിലും വ്യവസായത്തിലും സൗരോർജത്തിന്റെ പുരാതന ഉപയോഗങ്ങളെക്കുറിച്ചുള്ള പ്രദർശനവും അരങ്ങേറി. റാസ് ലഫാൻ സോളാർ പ്ലാന്റിലെ പാനൽ നിയന്ത്രണ, വിതരണ മുറികൾ അമീർ സന്ദർശിച്ചു. സൗരോർജത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് പുതിയ പ്ലാന്റുകളിൽ ഉപയോഗിക്കുന്നത്.
വൈദ്യുതി വിളയും സോളാർ പാടങ്ങൾ
വിശാലമായ മരുഭൂമിയിലായി കിലോമീറ്ററുകൾ ദൂരത്തായി വ്യാപിച്ച സോളാർ പാടത്തിലൂടെ 875 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദനശേഷി. ഇതോടെ, ഖത്തറിന്റെ ആകെ സൗരോർജ ഉൽപാദനം 1675 മെഗാവാട്ടായി ഉയർന്നു. പുതിയ രണ്ട് സോളാർ പാടങ്ങൾക്കു പുറമെ, നേരത്തെ പ്രവർത്തനമാരംഭിച്ച അൽ ഖർസ പ്ലാന്റിന്റെ 800 മെഗാവാട്ട് ശേഷി ഉൾപ്പെടെയാണ് ഇപ്പോൾ പുതിയ നേട്ടത്തിലേക്ക് ഉയർന്നത്. പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികളിലൂടെ കാർബൺ ബഹിർഗമനം കുറക്കുകയെന്ന് ഖത്തറിന്റെ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധേയമായ ചുവടുവെപ്പായാണ് രണ്ട് സോളാർ പവർ പ്ലാന്റുകളുടെ ഉദ്ഘാടന ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. പുനരുപയോഗ ഊർജ പദ്ധതികളിലൂടെ 4000 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാക്കുകയാണ് ദേശീയ വിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് മന്ത്രി സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.
റാസ് ലഫാൻ സൗരോർജ പ്ലാന്റ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിക്കുന്നു. ഊർജ സഹമന്ത്രി സഅദ് ശെരിദ അൽ കഅബി സമീപം
കാർബൺ ബഹിർഗമനം കുറക്കാനും സുസ്ഥിര പദ്ധതികൾ വികസിപ്പിക്കാനും വൈദ്യുതി ഉൽപാദന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഖത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് സൗരോർജ നിലയങ്ങളുടെ നിർമാണമെന്ന് മന്ത്രി വിശദീകരിച്ചു. ഏറ്റവും പുതിയ ചുവടുവെപ്പിലൂടെ പ്രതിവർഷം കാർബൺ ഏകദേശം 47 ലക്ഷം ടൺ കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതുവഴി രാജ്യത്തിന് ആകെ ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ഉൽപാദിപ്പിക്കാൻ കഴിയും. ദുഖാൻ സൗരോർജനിലയ നിർമാണം കൂടി പൂർത്തിയാകുന്നതോടെ 2029ഓടെ 2000 മെഗവാട്ടായി നിർമാണം ഉയർത്താനാവും. ആകെ വൈദ്യുതിയുടെ 30 ശതമാനം സൗരോർജം വഴി കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

