‘കുടുംബം നാടിന്റെ സമ്പത്ത്’; കാമ്പയിനുമായി മന്ത്രാലയം
text_fieldsദോഹ: സ്നേഹവും ഐക്യവുമുള്ള കുടുംബ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കാമ്പയിന് തുടക്കമിട്ട് സാമൂഹിക വികസന, കുടുംബ മന്ത്രാലയം. ‘കുടുംബം നാടിന്റെ സമ്പത്ത്’ എന്ന പ്രമേയത്തിലൂന്നിയാണ് ‘ബാക്ക് ടു സ്കൂൾ’ സീസണിനോടനുബന്ധിച്ച് കുടുംബങ്ങളിലേക്കിറങ്ങി കാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ മഹത്ത്വം ബോധ്യപ്പെടുത്തിയും വ്യക്തികൾക്ക് കുടുംബത്തിലുള്ള പ്രാധാന്യം ബോധ്യപ്പെടുത്തിയും ‘മിന’ മേഖലയിൽതന്നെ സമാനമായൊരു പ്രചാരണം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഫാമിലി കൺസൽട്ടിങ് സെന്ററായ വിഫാഖ് എന്നിവയുമായി സഹകരിച്ച് വിവിധ ശിൽപശാലകളും അനുബന്ധ പരിപാടികളും മന്ത്രാലയം നേതൃത്വത്തിൽ നടക്കും.
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കുടുംബങ്ങളെ മന്ത്രാലയങ്ങൾ ഉൾപ്പെടെ ദേശീയ ഏജൻസികളുമായി ബന്ധിപ്പിക്കുക, കുടുംബ, സമൂഹ ജീവിതത്തിന് ആവശ്യമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ കുടുംബത്തിന്റെ പങ്ക് ബോധ്യപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിലെ കുടുംബ വികസന വിഭാഗം മേധാവി ദാബിയ അൽ മുഖ്ബലി പറഞ്ഞു.
സമൂഹത്തിൽ സദ്ഗുണങ്ങൾ വളർത്തിയെടുക്കുന്നതിലും ധാർമിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുന്നതിലും കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് അവർ ചൂണ്ടിക്കാട്ടി. കുടുംബ മന്ത്രാലയവുമായി ചേർന്ന് വിവിധ ബോധവത്കരണ പരിപാടികൾ, പ്രഭാഷണങ്ങൾ, സുരക്ഷ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി വിഭാഗം മേധാവി ലെഫ്. കേണൽ ജാറല്ല സാലിം അൽ നാബിത് പറഞ്ഞു. അന്താരാഷ്ട്ര കുടുംബ വർഷത്തിന്റെ ഭാഗമായി ഖത്തർ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന് മുന്നോടിയായാണ് ഈ കാമ്പയിൻ നടത്തുന്നത്. ഒക്ടോബർ 29 മുതൽ 31 വരെയാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

