'സാമൂഹിക വികസനവും മനുഷ്യാവകാശങ്ങളുടെ പ്രാധാന്യവും'
text_fieldsമറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ
ദോഹ: രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയുടെ ഭാഗമായി നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി, അറബ് നെറ്റ്വർക്ക് ഓഫ് നാഷനൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷനുമായി സഹകരിച്ച് സുസ്ഥിര ഭാവിക്കായി സാമൂഹിക വികസനത്തിൽ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കും. നവംബർ നാലു മുതൽ 6 വരെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടി നടക്കുന്നത്. ബുധനാഴ്ച സിമ്പോസിയം നടക്കും.
സാമൂഹിക വികസനത്തിൽ മനുഷ്യാവകാശത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക, ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, മറ്റ് സഹകാരികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കി സാമൂഹിക വികസനവുമായി ബന്ധപ്പെട്ട നയങ്ങളിലും പരിപാടികളിലും മനുഷ്യാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുക എന്നതാണ് സിംപോസിയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
എൻ.എച്ച്.ആർ.സി, എ.എൻ.എൻ.എച്ച്.ആർ.ഐ, സാമൂഹിക വികസന കുടുംബ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫിസ്, സൗത്ത്-വെസ്റ്റ് ഏഷ്യൻ അറബ് മേഖലയിലെ യു.എൻ മനുഷ്യാവകാശ പരിശീലന ഡോക്യുമെന്റേഷൻ സെന്റർ എന്നീ കൂട്ടായ്മകളും സിംപോസിയത്തിന്റെ ഭാഗമാകും. നിയമനിർമാണങ്ങളിലും നയങ്ങൾ രൂപപ്പെടുത്തുമ്പോഴും സാമൂഹിക വികസനത്തിന് ഖത്തർ ഏറെ പ്രാധാന്യം നൽകുന്നുവെന്ന് എൻ.എച്ച്.ആർ.സി ചെയർപേഴ്സൻ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന സാമൂഹിക വികസനത്തിന് ശക്തമായ അടിത്തറ പാകുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. ഖത്തർ നാഷനൽ വിഷൻ -2030 ഏറെ ഊന്നൽ നൽകുന്നതാണ് സാമൂഹിക വികസനം. ഈ ലക്ഷ്യം നേടുന്നതിനായി സാമൂഹിക സംരക്ഷണവും പരിചരണവും, സമൂഹഘടനയുടെ ശക്തിപ്പെടുത്തൽ, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ ഉറപ്പാക്കി സാമൂഹിക മേഖലയെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സാമൂഹിക വികസന വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹം കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.1995ൽ കോപ്പൻഹേഗനിൽ നടന്ന ലോക സാമൂഹിക വികസന ഉച്ചകോടിയും യു.എൻ ജനറൽ അസംബ്ലി സാമൂഹിക വികസനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രമേയങ്ങളും ഇപ്പോഴും പ്രാധാന്യത്തോടെ നിലനിൽക്കുന്നുണ്ടെന്നും അവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

