സുഹൈൽ ഫാൽക്കൺ മേളയിൽ സന്ദർശകത്തിരക്കേറുന്നു
text_fieldsദോഹ: ഫാൽക്കൺ പ്രേമികളുടെ ഖത്തറിലെയും അറബ് ലോകത്തെയും ശ്രദ്ധേയമായ ഒമ്പതാമത് സുഹൈൽ കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ സന്ദർശക പങ്കാളിത്തത്താൽ ശ്രദ്ധേയമാകുന്നു. ഫാൽക്കൺ മേള സെപ്റ്റംബർ 14 വരെ തുടരും. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജരും സംഘാടക സമിതി ചെയർമാനുമായ ഡോ. ഖാലിദ് ബിൻ ഇബ്രാഹീം അൽ സുലൈത്തി ബുധനാഴ്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം.
എക്സിബിഷനിലെ സന്ദർശകത്തിരക്ക്
21 രാജ്യങ്ങളിലെ 202 പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികൾ പങ്കെടുക്കുന്ന എക്സിബിഷനിൽ വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും, ഫാൽക്കണുമായി ബന്ധപ്പെട്ട വസ്തുക്കൾ, സഫാരിക്കുള്ള വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും, കരകൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയും പ്രദർശനവുമുണ്ട്. ക്യാമ്പിങ് സാധനങ്ങളുടെ വിൽപന, ഫാൽക്കണുകളുടെ ചികിത്സയെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണങ്ങൾ, സാംസ്കാരിക, ബോധവത്കരണ പരിപാടികളും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
മുൻവർഷത്തേക്കാൾ കൂടുതൽ പ്രദർശന സ്ഥലവും അന്താരാഷ്ട്ര പങ്കാളിത്തവും ഉറപ്പാക്കിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. മുൻ വർഷത്തേക്കാൾ 2000 ചതുരശ്ര മീറ്റർ കൂടി കൂട്ടിച്ചേർത്ത്, മൊത്തം പ്രദർശന സ്ഥലം 15,000 ചതുരശ്ര മീറ്ററായി വികസിപ്പിച്ചിട്ടുണ്ട്. 2017 മുതലാണ് കതാറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ സുഹൈൽ ഫാൽക്കൺ മേള ആരംഭിച്ചത്. ഫാൽക്കണുകളും വേട്ടയുമായി ബന്ധപ്പെട്ട് ലോകത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനവും ഹബുമായി സുഹൈൽ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കണുകളാണ് ഫാൽക്കൺ വേട്ട മേളയിൽ ലേലത്തിനായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

