സ്മാർട്ട് വേസ്റ്റ് കണ്ടെയ്നർ പദ്ധതിക്ക് തുടക്കം
text_fieldsദോഹ: രാജ്യത്തെ പൊതുസേവന മേഖലയിലെ ഡിജിറ്റൽ പരിവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം അൽ വക്റ മുനിസിപ്പാലിറ്റിയിൽ സ്മാർട്ട് വേസ്റ്റ് കണ്ടെയ്നർ പദ്ധതിക്ക് തുടക്കംകുറിച്ചു.
പരമ്പരാഗത മാലിന്യ സംസ്കരണ രീതികളിൽനിന്ന് വ്യത്യസ്തമായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിലേക്ക് മാറുകയെന്ന മന്ത്രാലയത്തിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് വേസ്റ്റ് കണ്ടെയ്നർ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറൽ ക്ലീൻലിനസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മുക്ബിൽ മദ്ഹൂർ അൽ ഷമ്മാരി പറഞ്ഞു. അൽ വക്റയിൽ സ്മാർട്ട് കണ്ടെയ്നറുകൾ പൈലറ്റ് അടിസ്ഥാനത്തിൽ പരീക്ഷണം നടത്തിയിട്ടുണ്ട്.
അടുത്ത ഘട്ടത്തിൽ, ഈ സംവിധാനം ദോഹയിലെ മദീനത്ത് ഖലീഫ ഏരിയയിലേക്കും അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ മുഐതറിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഏകീകൃത കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, തത്സമയ വാഹന -ഫ്ലീറ്റ് ട്രാക്കിങ്, ഇന്റഗ്രേറ്റഡ് മാലിന്യ സംസ്കരണ പ്ലാറ്റ്ഫോം തുടങ്ങിയ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്മാർട്ട് വേസ്റ്റ് സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. പുതിയ കണ്ടെയ്നറുകളിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ഇവ മാലിന്യ ശേഖരണ വാഹനങ്ങളിലേക്ക് നേരിട്ട് ഡേറ്റ കൈമാറ്റം ചെയ്യുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും അനാവശ്യ യാത്രകൾ കുറക്കുകയും ചെയ്യുന്നു. പാരിസ്ഥിതിക സുസ്ഥിരതയും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. മാലിന്യം കൃത്യസമയത്ത് ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

