ദോഹ: നിർമാണ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി വികസിപ്പിച്ചെടുത്ത സ്മാർട്ട് ജാക്കറ്റ് ഭരണനിർവഹണ വികസന, തൊഴിൽ, സാമൂഹികകാര്യമന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി പ്രകാശനം ചെയ്തു. ദോഹയിൽ നടക്കുന്ന രണ്ടാമത് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കോൺഫെറൻസിനോടനുബന്ധിച്ചാണ് സ്മാർട്ട് ജാക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.
കൂളിംഗ് സംവിധാനം ഘടിപ്പിച്ച ഹെൽമറ്റ്, ജാക്കറ്റിൽ ഘടിപ്പിച്ച പ്രത്യേക ചിപ്പ് എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് ജാക്കറ്റ് വികസിപ്പിച്ചെടുത്തത് ഖത്തരി എഞ്ചിനീയറാണ്. രാജ്യത്ത് വ്യത്യസ്ത പദ്ധതികളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയെന്ന രാജ്യത്തിെൻറ നയത്തിെൻറ ഭാഗമായാണ് സ്മാർട്ട് ജാക്കറ്റ് വികസിപ്പിച്ചിരിക്കുന്നത്. ജാക്കറ്റിൽ ഘടിപ്പിച്ച ചിപ്പ് വഴി തൊഴിലാളിയുടെ ആരോഗ്യ സാഹചര്യം കൺേട്രാൾ റൂമിൽ അറിയാൻ സാധിക്കുമെന്നതാണ് ഇതിെൻറ സവിശേഷത.
തൊഴിലാളിക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം അനുഭവപ്പെടുക, ഹൃദയമിടിപ്പ് അമിതമാകുക, ശ്വാസോഛ്വാസം ക്രമവിരുദ്ധമാകുക തുടങ്ങിയ സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാൻ ചിപ്പിന് സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര ചികിത്സ നൽകാൻ അധികൃതർക്ക് സാധിക്കുന്നു. സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന സ്മാർട്ട് ജാക്കറ്റിൽ ഓഡിയോ കമ്മ്യൂണിക്കേഷൻ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
ചൈനീസ് കമ്പനിയുമായി സഹകരിച്ച് നിർമ്മിച്ചിരിക്കുന്ന സ്മാർട്ട് ജാക്കറ്റ് ഖത്തറിലും കമ്പനിയുടെ ലോകത്തുടനീളമുള്ള ഔട്ട്ലെറ്റുകളിലും വിൽപനക്ക് തയ്യാറാണെന്ന് മന്ത്രി ഡോ. അൽ നുഐമി പറഞ്ഞു. ഖത്തറിൽ നിന്നുള്ള എഞ്ചിനീയറുടെ കണ്ടുപിടുത്തത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും നിരവധി മേന്മകളാണ് സ്മാർട്ട് ജാക്കറ്റിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കമ്പനിയായ ന്യൂക്ടെക്കാണ് സ്മാർട്ട് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്.