സുസ്ഥിര നഗര ചിന്തകളുമായി സ്മാർട്ട് സിറ്റി എക്സ്പോ
text_fieldsസ്മാർട്ട് സിറ്റി ദോഹ എക്സ്പോ വാർത്ത വിനിമയ മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഇ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സുസ്ഥിര നഗര നിർമാണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി സ്മാർട്ട് സിറ്റി എക്സ്പോ ദോഹയുടെ മൂന്നാം പതിപ്പ് സമാപിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ വാർത്താവിനിമയ, ഐ.ടി മന്ത്രാലയം സംഘടിപ്പിച്ച സ്മാർട്ട് സിറ്റി ദോഹ എക്സ്പോ 2023 ഉദ്ഘാടന ചടങ്ങിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി, വാർത്താ വിനിമയ ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഈ എന്നിവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദോഹ എക്സ്പോ 2023ന്റെ കൾചറൽ സോണിലെ കോൺഫറൻസ് സെന്ററിൽ രണ്ട് ദിവസം നീണ്ടുനിന്ന പരിപാടി ഖത്തറിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളുടെയും വിദഗ്ധരുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈവിധ്യമാർന്ന സെഷനുകളും ചർച്ചകളും കൊണ്ട് നഗര നവീകരണ അവസരങ്ങൾ അറിയുന്നതിനും സുസ്ഥിര നഗരങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള വേദിയായി സ്മാർട്ട് സിറ്റി എക്സ്പോ ദോഹ മാറി.
നഗര നവീകരണത്തിനും സുസ്ഥിര നഗര വികസനത്തിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സ്മാർട്ട് സിറ്റി എക്സ്പോ ദോഹയെന്നും സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ള നഗരങ്ങൾ സൃഷ്ടിക്കുന്നതിന് സാങ്കേതിക വിദ്യയുടെയും വിവരങ്ങളുടെയും അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എക്സ്പോ ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഈ പറഞ്ഞു.
സുസ്ഥിര നഗരാസൂത്രണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ഗതാഗത പരിഹാരങ്ങൾ, പൗരന്മാരുടെ ജീവിതനിലവാരമുയർത്തുന്നതിൽ സാങ്കേതികവിദ്യയുടെ സ്വാധീനം തുടങ്ങി സുപ്രധാന വിഷയങ്ങളാണ് വിവിധ സെഷനുകളിലായി ചർച്ച ചെയ്തത്.
ഹ്വാവേ ടെക്നോളജീസ് മിഡിലീസ്റ്റ്, സെൻട്രൽ ഏഷ്യ സീനിയർ വൈസ് പ്രസിഡന്റ് സഫ്ദർ നസീർ, ഗൂഗ്ൾ ക്ലൗഡ് ഇ.എം.ഇ.എയിലെ എ.ഐ ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ് ഡയറക്ടർ അലെസിയോ ബഗ്നരേസി തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

