ഖത്തർ സ്മാർട്ട് സിറ്റി എക്സ്പോ 29ന്
text_fieldsസ്മാർട്ട് സിറ്റി എക്സ്പോ പ്രഖ്യാപനം ഐ.ടി കമ്യുണിക്കേഷൻ മന്ത്രാലയം ഉദ്യോഗസ്ഥ റീം മുഹമ്മദ് അൽ മൻസൂരി, നാസർ മതാർ അൽ കുവാരി എന്നിവർ നടത്തുന്നു
ദോഹ: കമ്യൂണിക്കേഷൻ-ഐ.ടി മന്ത്രാലയം സംഘടിപ്പിക്കുന്ന സ്മാർട്ട് സിറ്റി എക്സ്പോ ഈമാസം 29, 30 തീയതികളിലായി മുശൈരിബ് ഡൗൺടൗണിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്മാർട്ട് സിറ്റി മേഖലയിലെ വിദഗ്ധരും അറിയപ്പെട്ട പ്രഭാഷകരും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ പങ്കെടുക്കും.
നഗരങ്ങൾക്കും അവിടെയുള്ള ജനതക്കും കൂടുതൽ മെച്ചപ്പെട്ടതും സുസ്ഥിര ഭാവി നൽകുന്നതുമായ ആശയങ്ങളും പ്രശ്ന പരിഹാരങ്ങളും എക്സ്പോയിൽ മുഖ്യമായി ചർച്ച ചെയ്യും.
ഈയടുത്ത് പുനർനിർമിക്കപ്പെട്ട മുശൈരിബ് ഡിസ്ട്രിക്ട് ആണ് എക്സ്പോ വേദി എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനകം തന്നെ ലോകശ്രദ്ധ നേടിയ സ്മാർട്ട് സിറ്റികളിലൊന്നായ മുശൈരിബ് ഡൗൺടൗൺ, ജനങ്ങളുടെ ജീവിത ഗുണനിലവാരത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
2019ലെ വിജയകരമായ ക്വിറ്റ്കോം സ്മാർട്ട് സിറ്റി എക്സ്പോക്ക് ശേഷം ഫിറ ഡി ബാഴ്സലോണയുടെ പങ്കാളിത്തത്തോടെ ഉരീദു ഖത്തറാണ് സ്മാർട്ട് സിറ്റി എക്സ്പോയുടെ പ്ലാറ്റിനം പ്രായോജകർ.
പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ അറിയപ്പെടുന്ന പ്രഭാഷകർ, നൂറിലേറെ പ്രദർശകർ, സ്മാർട്ട് സിറ്റി മേഖലയിലെ പ്രമുഖരായ അറുപതോളം വിദഗ്ധരും പ്രഭാഷകരും, 20ലധികം രാജ്യങ്ങളിൽ നിന്നായി 2500ലേറെ സന്ദർശകർ എന്നിവർ എക്സ്പോക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്ഥിര നഗരങ്ങൾ, ഡിജിറ്റൽ പൊതുസേവനങ്ങളുടെ രൂപമാറ്റം, ആഗോള സാമ്പത്തിക വ്യവസ്ഥയും ഡിജിറ്റൽ മുന്നൊരുക്കവും, കണക്ടഡ് സമൂഹത്തിൽ കായിക പരിപാടികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ എക്സ്പോയിൽ ചർച്ചചെയ്യും.
കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സുസ്ഥിരത, സ്മാർട്ട് നഗരാസൂത്രണം തുടങ്ങിയവയും എക്സ്പോയിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്. സ്മാർട്ട് സിറ്റി ദോഹ എക്സ്പോ 2022മായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ ഡിജിറ്റൽ സൊസൈറ്റി ഡെവലപ്മെൻറ് അസി. അണ്ടർ സെക്രട്ടറി റീം മുഹമ്മദ് അൽ മൻസൂരി, മുശൈരിബ് പ്രോപർട്ടീസ് നാസർ മതാർ അൽ കവാരി, ഉരീദു ഖത്തർ ചീഫ് കമേഴ്സ്യൽ ഓഫിസർ ശൈഖ് നാസർ ബിൻ ഹമദ് ബിൻ നാസർ ആൽഥാനി എന്നിവർ പങ്കെടുത്തു.
വാവെ, വോഡഫോൺ, മൈക്രോസോഫ്റ്റ്, ഹമദ് ഇൻറർനാഷനൽ എയർപോർട്ട്, മീസ എന്നിവരാണ് എക്സ്പോയുടെ ഗോൾഡൻ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

