നിര്‍ധന വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ്
text_fieldsദോഹ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്ക്കുന്ന സമൂഹത്തിലെ നിര്‍ധനരായ നൂറ് വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ് നല്കുന്ന മഹത്തായ പദ്ധതിക്ക് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റി തുടക്കം കുറിച്ചു. സാമൂഹിക പ്രതിബദ്ധതയും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഈ പദ്ധതി, ഭാവി തലമുറയുടെ വളര്‍ച്ചക്ക് വലിയ പിന്തുണയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അല്‍ നാബിത്ത് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററില്‍ നടന്ന പ്രഖ്യാപന സംഗമത്തില്‍ കെ.ഐ.സി പ്രസിഡന്റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍, എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫദ്ലു സാദത്ത് നിസാമി, ഖത്തര്‍ റേഞ്ച് പ്രസിഡന്റ് റഹീസ് ഫൈസി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വിദ്യാഭ്യാസ സഹായ പ്രവര്‍ത്തനങ്ങള്‍ സമസ്തയുടെ നൂറാം വാര്‍ഷിക സന്ദേശം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കുന്നതാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഉസ്താദ് ചെമ്പിരിക്ക സി.എം. അബ്ദുല്ല മുസ്ലിയാരുടെ നാമധേയത്തില്‍ നടപ്പാക്കുന്ന ഈ ധനസഹായ പദ്ധതി, എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖല കമ്മിറ്റികള്‍ മുഖേന സൂക്ഷ്മമായ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിതരണം ചെയ്യുക.
വിദ്യാഭ്യാസം മുടങ്ങാന്‍ സാധ്യതയുള്ള ഏറ്റവും അര്‍ഹരായ വിദ്യാർഥികളെ കണ്ടെത്തി സഹായം എത്തിക്കുമെന്നും സമസ്തയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച് സ്കോളര്‍ഷിപ് വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ഭാവിയില്‍ കൂടുതല്‍ വിദ്യാർഥികളെ ഉള്‍പ്പെടുത്തുന്നതിനും വിദ്യാഭ്യാസ സഹായം സ്ഥിരം പദ്ധതിയായി മാറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ഖത്തറില്‍ പ്രവാസി സമൂഹം നല്കുന്ന പിന്തുണ ഈ പദ്ധതിയുടെ വിജയത്തിന് നിര്‍ണായകമാണെന്നും സംഘാടകര്‍ പറഞ്ഞു.
യോഗത്തില്‍ പ്രസിഡന്റ് ആബിദ് ഉദിനൂര്‍, ജനറല്‍ സെക്രട്ടറി റഷാദ് കളനാട്, റഫീഖ് റഹ്മാനി, ലിയാവുദ്ദീന്‍ ഹുദവി, ഹാരിസ് ഏരിയാല്‍, അബ്ദുൽ റഹ്മാൻ എരിയാൽ, സഗീര്‍ ഇരിയ, അബ്ദു റഹ്മാന്, ബഷീര്‍ ബംബ്രാണി, ഫാറൂഖ് ബദിയടുക്ക, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

