ദോഹയിൽ സ്കിൽസ് സ്വരലയ 27,28 തീയതികളിൽ
text_fieldsസ്കിൽസ് ഡെവലപ്മെൻറ് സെന്റർ വാർഷിക പരിപാടി സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ
ഡയറക്ടർ പി.എൻ. ബാബുരാജൻ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ നൃത്ത, കലാ, സംഗീത പരിശീലനകേന്ദ്രമായ സിക്ൽസ് ഡെവലപ്മെന്റ് സെന്റർ 21ാം വാർഷികാഘോഷം ‘സ്വരലയ 2023’ ഒക്ടോബർ 27, 28 ദിവസങ്ങളിലായി അരങ്ങേറും. ഡി.പി.എസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മുതൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ വിവിധ കലാമേഖലകളിൽ പഠനം പൂർത്തിയാക്കിയ 120ൽ പരം വിദ്യാർഥികൾ അരങ്ങേറ്റം കുറിക്കുമെന്ന് സംഘാടകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ദിനമായ 27 വെള്ളിയാഴ്ച ഔപചാരിക ഉദ്ഘാടനവും 70ൽ പരം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി വിദ്യാർഥികളുടെ അരങ്ങേറ്റം നടക്കും. രണ്ടാം ദിനത്തിൽ 50ഓളം കർണാട്ടിക് സംഗീത വിദ്യാർഥികളുടെ അരങ്ങേറ്റവും വാർഷിക ആഘോഷത്തിന്റെ ഭാഗം ആയി കീബോർഡ്, ഗിത്താർ, പിയാനോ, ഡ്രംസ്, തബല, കരാട്ടേ, നൃത്ത, സംഗീത വിദ്യാർഥികളുടെ പ്രകടനവും ഉണ്ടായിരിക്കുന്നതാണെന്ന് സ്കിൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ പി.എൻ. ബാബുരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്കിൽസിലെ സംഗീത അധ്യാപകരുടെയും യോഗ, സിനിമാറ്റിക് ഡാൻസ്, സുമ്പ,
കഥക് വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രകടനവും ഉണ്ടായിരിക്കും. 21ാം വാർഷിക പ്രത്യേക പതിപ്പായി പുറത്തിറക്കുന്ന സുവനീർ പ്രകാശനവും നിർവഹിക്കും.
ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികൾ, എംബസി ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലും സ്കിൽസ് ഡെവലപ്മെന്റ് സെന്ററിലെ ചിത്രകലാ അധ്യാപകൻ കൗസ്തവ് ദാസ് ഗുപ്തയുടെയും ചിത്രകല വിദ്യാർഥികളുടെയും ചിത്രപ്രദർശനവും നടക്കും.
ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, ഹിന്ദുസ്ഥാനി, കർണാട്ടിക്, വെസ്റ്റേൺ മ്യൂസിക്, യോഗ, കരാട്ടേ, ചിത്രകല, തബല, ഗിത്താർ എന്നിങ്ങനെ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനത്തിൽ രണ്ടായിരത്തോളം വിദ്യാർഥികളും, മികച്ച അധ്യാപകരുമുണ്ട്.
ബി.എസ്.എസ് അംഗീകാരമുള്ള ഖത്തറിലെ ഏക സ്ഥാപനവുമാണിത്. ഒപ്പം ഇന്റർനാഷനൽ ഡാൻസ് കൗൺസിലിൽ അംഗത്വവുമുണ്ട്. വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ പി. വിജയകുമാർ, എ.കെ. ജലീൽ, മാനേജർ പി.ബി. ആഷിക് കുമാർ, കരാട്ടേ അധ്യാപകൻ ഷിഹാബുദ്ദീൻ, തബല പരിശീലകൻ സന്തോഷ് കുൽകർണി, നൃത്താധ്യാപികമാരായ കലാമണ്ഡലം ദേവി സുനിൽ കുമാർ, കലാമണ്ഡലം ആര്യശ്രീ അശ്വിൻ, മ്യൂസിക് ടീച്ചർ കലാമണ്ഡലം സിംന സുജിത്ത്, കൃഷ്ണേന്ദു ശിവകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

