സ്കിൽസ് ഡെവലപ്മെന്റ് സെന്റർ 23ാം വാർഷികാഘോഷം ഡിസംബർ 5ന്
text_fieldsസ്കിൽസ് ഡെവലപ്മെന്റ് സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തറിന്റെ കലാസാംസ്കാരിക രംഗത്ത് സജീവമായ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ 23ാം വാർഷികം ആഘോഷിക്കുന്നു. ഡിസംബർ 5ന് ഡി.പി.എസ് ഇന്ത്യൻ സ്കൂൾ ഹാളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ 260ലധികം വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വൈകീട്ട് നാലുമണി മുതൽ ഒന്നാം പാർട്ടിൽ വിവിധ സംഗീത വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീത പരിപാടികളും ഏഴുമണിമുതൽ സെക്കൻഡ് പാർട്ടിൽ നൃത്ത വിദ്യാർഥികൾ അവതരണവും അരങ്ങേറും.
കൗൺസിലർ, ഹെഡ് ഓഫ് ചാൻസറി കോൺസുലർ വൈഭവ് എ. താണ്ടലെ, ചേതന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി, പാടുംപാതിരി, ചേതന മ്യൂസിക് അക്കാദമി തൃശൂർ ഡയറക്ടർ ഫാ. ഡോക്ടർ പോൾ പൂവ്വത്തിങ്കൽ, ഗ്രാമി അവാർഡ് നോമിനി ഗായത്രി കരുണാകര മേനോൻ എന്നിവർ അതിഥികളായി പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ ഒന്നിന് ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിക്കും.
കരാട്ടെ, ക്ലാസിക്കൽ ഡാൻസ്, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഉപകരണസംഗീതം, കഥക്, സുംബ, സിനിമാറ്റിക് ഡാൻസ്, പേഴ്സനാലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി വിവിധ പരിശീലന പരിപാടികൾ സ്കിൽസ് ഡെവലപ്മെന്റ് സെന്ററിനു കീഴിൽ പരിശീലനം നൽകിവരുന്നു. മികച്ച അധ്യാപകരുടെ പരിശീലനത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമായി നടക്കുന്ന വിവിധ കലാമത്സരങ്ങളിൽ മികവുറ്റ കലാപ്രകടനങ്ങൾ സ്കിൽസിലെ വിദ്യാർഥികൾ കാഴ്ചവെച്ചിട്ടുണ്ട്.
യുനെസ്കോ അംഗീകൃതമായ ഇന്റർനാഷനൽ ഡാൻസ് ആൻഡ് മ്യൂസിക് കൗൺസിൽ അംഗത്വവും ഇന്ത്യൻ ഗവണ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ്, മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഖില ഭാരതഗന്ധർവ മഹാവിദ്യാലയം എന്നിവയുടെ അഫിലിയേഷൻ ലഭിച്ചിട്ടുണ്ട്. സ്കിൽസിന് കീഴിൽ കരാട്ടെ വിഭാഗം 2002 മുതൽ പ്രവർത്തിക്കുന്നു. അഞ്ചു അധ്യാപകരുള്ള കരാട്ടെ വിഭാഗത്തിന് ഖത്തർ കരാട്ടെ ഫെഡറേഷൻ അംഗീകാരമുണ്ട്.
കൂടാതെ, ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷന്റെ ഖത്തറിലെ ഹെഡ് ക്വാർട്ടേഴ്സ് കൂടിയാണ് സ്കിൽസ് ഡെവലപ്മെന്റ് സെന്റർ. ലണ്ടൻ ട്രിനിറ്റി കോളജിന്റെ അംഗീകാരത്തോടെ പിയാനോ, കീബോർഡ്, ഗിറ്റാർ, വയലിൻ, ഡ്രംസ് എന്നീ ഇൻസ്ട്രുമെന്റൽ മ്യൂസിക് വിഷയങ്ങളിലും പരീക്ഷകൾ നടത്തി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നു. വാർത്തസമ്മേളനത്തിൽ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർമാരായ പി.എൻ. ബാബുരാജൻ, വിജയകുമാർ, മാനേജർ പി.ബി. ആഷിക്കുമാർ, കരാട്ടെ ഇൻസ്ട്രക്ടർ സെൻസി ഷിഹാബുദ്ദീൻ, തബല ഇൻസ്ട്രക്ടർ സന്തോഷ് കുൽക്കർണി, കീബോർഡ്, ഗിറ്റാർ, പിയാനോ ഇൻസ്ട്രക്ടർ രഞ്ജിത്ത്, ക്ലാസിക്കൽ ഡാൻസ് അധ്യാപിക കലാമണ്ഡലം ദേവി സുനിൽകുമാർ, കർണാടിക് മ്യൂസിക് അധ്യാപിക കലാമണ്ഡലം സിംന സുജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

