'സ്പീക്കപ് ഖത്തർ' കലാശപ്പോരിന് ആറുനാൾ ഒരുക്കം തകൃതി; ഫൈനൽ വെള്ളിയാഴ്ച
text_fields‘സ്പീക്കപ് ഖത്തർ’ ഫൈനലിന് മുന്നോടിയായി നടന്ന പരിശീലന ക്യാമ്പിൽനിന്ന്
ദോഹ: 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'സ്പീക്കപ് ഖത്തർ' പ്രസംഗ മത്സരത്തിൻെറ കലാശപ്പോരാട്ടത്തിലേക്ക് ഇനി ആറു നാളുകൾ മാത്രം. ജൂൈല 23 വെള്ളിയാഴ്ചയാണ് ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥി പ്രതിഭകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിൻെറ ഫൈനൽ പോരാട്ടം.
500ൽ ഏറെ വിദ്യാർഥികളിൽ തുടങ്ങി അവസാന റൗണ്ടിലെത്തിയ മത്സരത്തിൽ അവശേഷിക്കുന്നത് വെറും 24 പേരാണ്. സീനിയർ, ജൂനിയർ എന്നിവയിലായി ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിലായി ഫൈനലിനൊരുങ്ങുന്നവർ അവസാനവട്ട തയാറെടുപ്പിലാണിപ്പോൾ. മലയാളത്തിലെ അക്കാദമിക്, സാഹിത്യ, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖർ വിധികർത്താക്കളായെത്തുന്ന ഫൈനലിന് മത്സരാർഥികൾ ഒരുക്കത്തിലും ഒട്ടും മോശമല്ല. കൂടുതൽ ഗൗരവത്തോടെയും മത്സരബുദ്ധിയോടെയും ഫൈനലിനായി ഒരുങ്ങുന്നതിനായി 'ഗൾഫ് മാധ്യമം' നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വർക്ഷോപ് നടന്നു.
പരിശീലന ക്യാമ്പിന് വിബിൻ കുമാർ നേതൃത്വം നൽകുന്നു
വിദഗ്ധരുടെ മേൽനോട്ടത്തിൽ നടന്ന പരിശീലന ക്യാമ്പിൽ ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്ന വിദ്യാർഥികൾ ആവേശത്തോടെയാണ് പങ്കെടുത്തത്. എങ്ങനെ നല്ല പ്രസംഗകനാവാം, വിഷയങ്ങളെ തിരഞ്ഞെടുക്കുന്നതിലും പഠിക്കുന്നതിലും വേണ്ട ജാഗ്രത, പ്രസംഗകൻെറ ശരീരഭാഷ, ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിലെ ഭയം തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പരിശീലനം.വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിന് ജെ.സി.ഐ നാഷനൽ ട്രെയ്നർ വിബിൻ കുമാർ (എജ്യൂവേർ) നേതൃത്വം നൽകി.
മുതിർന്ന ഐ.എസ്.എ ഉദ്യോഗസ്ഥനും പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മുൻ പാർലമെൻറ് അംഗവും മുതിർന്ന അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, 'മാധ്യമം' അസോസിയേറ്റ് എഡിറ്ററും മീഡിയവൺ എം.ഡിയുമായ ഡോ. യാസീൻ അഷ്റഫ്, മീഡിയവൺ ചാനൽ അസി. എക്സിക്യൂട്ടിവ് എഡിറ്റർ അഭിലാഷ് മോഹനൻ എന്നിവരാണ് ഫൈനൽ മത്സരത്തിൻെറ വിധികർത്താക്കൾ.
500ഒാളം പേരുടെ എൻട്രിയിൽനിന്ന് തിരഞ്ഞെടുത്ത 60 പേർ മത്സരിച്ച പ്രാഥമിക റൗണ്ടിൽനിന്ന് വിജയികളാണ് 24 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്നത്. ഓരോ വിഭാഗത്തിലേക്കും ആറു പേരെയാണ് പരിഗണിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.