180 തൊഴിലാളികൾക്ക് കരുതലായി‘സീറ്റാക്’
text_fieldsസീറ്റാക് സ്പോൺസർ ചെയ്ത 180 തൊഴിലാളികളുടെ ഇൻഷുറൻസ് രേഖകൾ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറുന്നു
ദോഹ: താഴ്ന്ന വരുമാനക്കാരായ ഒരുകൂട്ടം പ്രവാസികൾക്ക് ഐ.സി.ബി.എഫ് ഇൻഷുറൻസിന്റെ തണലൊരുക്കി ഖത്തറിലെ തിരുവനന്തപുരം എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മയായ ‘സീറ്റാക്’. സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രവാസ മണ്ണിൽ ജോലിചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികളിലേക്കും തങ്ങളുടെ കരുതലെത്തിച്ചത്. ഡ്രൈവർമാരും ഷോപ്പുകളിലെ ജീവനക്കാരും ഉൾപ്പെടെ 180ഓളം പേരെ കണ്ടെത്തി, അവരുടെ ഇൻഷുറൻസ് തുക സ്പോൺസർ ചെയ്ത് അപേക്ഷ പൂരിപ്പിച്ചു നൽകിയാണ് ‘സീറ്റാക് കെയെർസ്’ എന്ന പേരിൽ ഐ.സി.ബി.എഫ് ഇൻഷുറൻസ് പരിരക്ഷയുടെ തണൽ സഹജീവികളിലേക്കും പകർന്നത്.
വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പോളിസി രേഖകളും പ്രീമിയം തുകയും സീറ്റാക് ചെയർമാൻ സജിൽ അബ്ദുൽസലാം, സെക്രട്ടറി ടാനിൻ തോമസ് എന്നിവർ ചേർന്ന് ഐ.സി.ബി.എഫ് അധ്യക്ഷൻ ഷാനവാസ് ബാവക്ക് കൈമാറി.സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐ.ബി.പി.സി അധ്യക്ഷൻ ജാഫർ സാദിഖ് നിർവഹിച്ചു. സീറ്റാക് സ്ഥാപകാംഗവും മുൻ ഐ.സി.സി അധ്യക്ഷനുമായ കെ.എം. വർഗീസ് സീറ്റാക്കിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.
ഐ.സി.ബി.എഫ്, ഐ.ബി.പി.സി അധ്യക്ഷരെക്കൂടാതെ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.സി മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജ് തുടങ്ങിയവരും സംസാരിച്ചു. ഇന്ത്യൻ എംബസിയുടെ അപ്പെക്സ് സംഘടനകളുടെ നിരവധി ഭാരവാഹികളെ കൂടാതെ, എൻജിനീയേഴ്സ് ഫോറം, കെ.ബി.എഫ്, ഇൻകാസ്, ഇന്ത്യൻ മീഡിയ ഫോറം, ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

