എസ്.ഐ.ആര്; ഓണ്‍ലൈന്‍ സബ്മിഷന് അപാകതകള്‍ പരിഹരിക്കണം -പ്രവാസി വെല്‍ഫെയര്‍
text_fieldsദോഹ: എസ്.ഐ.ആറിന്റെ ഭാഗമായുള്ള എന്യൂമറേഷന് ഫോം ഗള്‍ഫ് നാടുകളില്‍നിന്ന് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുമ്പോള്‍ പലർക്കും സാങ്കേതിക തകരാറെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും നിലവില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രവാസി വെല്‍ഫെയര്‍. അപാകതകള്‍ പരിഹരിക്കുകയോ പ്രവാസികള്‍ക്ക് എംബസി വഴി പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരമോ മറ്റ് വഴികളോ ഒരുക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡിലെയും വോട്ടര്‍ ഐ.ഡിയിലെയും പേരുകള്‍ ഒരുപോലെ ആയിരിക്കണം. വോട്ടേഴ്സ് ലിസ്റ്റിലെ പേരും ഔദ്യോഗിക രേഖകള്‍ കൃത്യമായി സമര്‍പ്പിച്ച് എടുത്ത ആധാറിലെ പേരും ഭൂരിഭാഗം പേരുടെതും ഒരു പോലെയല്ല. ഈ കടമ്പ കടന്നാലും ഒ.ടി.പി ലഭിക്കാനുള്ള ഫോണ്‍ നമ്പര്‍ വോട്ടര്‍ ഐ.ഡിയുമായി ബന്ധിക്കപ്പെട്ടതാവില്ല, അതിന് ഓണ്‍ലൈന്‍ വഴി ശ്രമിക്കുമ്പോഴും ആധാറിലെ പേരും വോട്ടര്‍ ഐ.ഡിയിലെ പേരും സാമ്യമല്ലെന്ന സാങ്കേതിക തടസ്സത്തില്‍ തട്ടി അപേക്ഷ സമര്‍പ്പണം മുടങ്ങുകയാണ്.
കൂടാതെ അപേക്ഷ സമര്‍പ്പണത്തിനായി വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനും ഗള്‍ഫ് നാടുകളില്‍നിന്ന് നിലവിലെ സംവിധാനത്തില്‍ സാധ്യമല്ല. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് സത്വര നടപടി കൈക്കൊള്ളണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങല്‍ ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എന്നിവര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ നിവേദനമയച്ചു.
പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ റഷീദ് അലി, മജീദലി, അനീസ് റഹ്മാന്, സാദിഖ് ചെന്നാടന്‍ ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുനീഷ് എ.സി, മുഹമ്മദ് റാഫി, റഹീം വേങ്ങേരി, ഷറഫുദ്ദീന് സി., സജ്ന സാക്കി, സക്കീന അബ്ദുല്ല, നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

