Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതാക്കൾക്ക് മൗനം; ചോദ്യം ചെയ്തവർ പുറത്ത്, നിർണ്ണായകമായത് കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടൽ

text_fields
bookmark_border
നേതാക്കൾക്ക് മൗനം; ചോദ്യം ചെയ്തവർ പുറത്ത്, നിർണ്ണായകമായത് കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടൽ
cancel

കോഴിക്കോട്: ഒരു വർഷം മുമ്പ് നടന്ന ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ വഴിത്തിരിവായത് പ്രവർത്തകരുടെ നിരന്തര ഇടപെടലുകൾ. വിഷയം നിയമനടപടികളിലേക്കും മാധ്യമശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ കെ.എം.സി.സി പ്രവർത്തകരും ഒരു വിഭാഗം നേതാക്കളും നിർണ്ണായക പങ്കുവഹിച്ചു. ഖത്തറിൽനിന്നുള്ള സഹായമില്ലാതെ ഇത്തരമൊരു മോഷണം നടക്കില്ലെന്നും, ചില നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രവർത്തകർ തിരിച്ചറിഞ്ഞിരുന്നു. കവർച്ചയ്ക്കായി ഖത്തറിലെത്തിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ ഒടുവിൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൽ റഹീം കൊയിലാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങുകയും, ഇയാളുടെ വിഡിയോ പുറത്തുവരികയും ചെയ്തതോടെ കവർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുകയും ചെയ്തു.

കെ.എം.സി.സിയുടെ 'സ്നേഹസുരക്ഷ' പദ്ധതിക്കായി സാധാരണ പ്രവർത്തകരിൽനിന്ന് പ്രതിമാസം ശേഖരിച്ചിരുന്ന ഫണ്ടാണ് സംഘം കവർന്നത്. മോഷണം നടന്നതിന് ശേഷം യാതൊരു വിശദീകരണവും നൽകാൻ നേതൃത്വം തയാറായിരുന്നില്ല. മോഷണവിവരം ഖത്തർ പൊലീസിനെ അറിയിച്ചതും പ്രവർത്തകർ തന്നെയാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി നേതാക്കളെയും പ്രവർത്തകരെയും ഖത്തർ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും, പ്രതികൾ നാട്ടിലേക്ക് രക്ഷപ്പെട്ടത് നിയമനടപടികളെ ബാധിച്ചു. കൂടുതൽ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത് സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ പ്രവർത്തകരും നിസ്സഹായാവസ്ഥയിലായി.

അതേസമയം, കവർച്ച നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും വിശദീകരണം നൽകാനോ നിയമനടപടികളുമായി മുന്നോട്ടുപോകാനോ നേതൃത്വം തയാറാകാതിരുന്നത് പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിനിടയാക്കി. പ്രവാസി ക്ഷേമപദ്ധതികൾക്ക് സ്വരൂപിച്ച പണം മോഷണംപോയതും ഇതുസംബന്ധിച്ച നേതാക്കളുടെ മൗനവും പ്രവർത്തകരെ ചൊടിപ്പിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിൽ നേതൃത്വത്തെ രൂക്ഷവിമർശനത്തിനിടയാക്കി.

തിരഞ്ഞെടുപ്പിന് ശേഷം വിഷയം പരിഹരിക്കാമെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇതിനിടെ, സോഷ്യൽ മീഡിയയിൽ വിമർശനമുന്നയിച്ച മൂന്ന് പ്രവർത്തകരെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ആരോപണങ്ങളിൽ വ്യക്തത വരുത്താതെ വിമർശകരെ പുറത്താക്കുന്ന നിലപാടിനെതിരെ കൂടുതൽ പ്രവർത്തകർ പരസ്യമായി രംഗത്തുവന്നത് സംഘടനക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചു. പ്രവർത്തകരുടെയും ഒരു വിഭാഗം നേതാക്കളുടെയും തുടർച്ചയായ ഇടപെടലിലൂടെയാണ് പ്രതികളെ കുറിച്ചുള്ള നിർണ്ണായക സൂചനകൾ ലഭ്യമായത്. ഇതേതുടർന്നാണ് ഒടുവിൽ കേരളത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ നേതൃത്വം നിർബന്ധിതരായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Silence from leaders; KMCC workers' role decisive in Qatar theft
Next Story