ആരോഗ്യരക്ഷക്ക് സിദ്റ; ഇനി കിടത്തിചികിൽസയും
text_fieldsദോഹ: രാജ്യത്തിെൻറ ആരോഗ്യമേഖലാ വികസന പദ്ധതിയിൽ മറ്റൊരു നാഴികക്കല്ല് കൂടി. കുട്ടികൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമായി നിർമ്മിച്ച സിദ്റ മെഡിസിനിലെ പുതിയ ആശുപത്രി കെട്ടിടം ഇന്നലെ പ്രവർത്തനമാരംഭിച്ചു. കൂടുതൽ സങ്കീർണമല്ലാത്ത കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയകൾക്കും അടിയന്തരസാഹചര്യത്തിലല്ലാത്ത സ്ത്രീകൾക്കുമാണ് പ്രഥമ ഘട്ടത്തിൽ കിടത്തിചികിൽസ സേവനം ലഭിക്കുക. ജൂൺ അവസാനത്തോടെ കൂടുതൽ സ്പെഷ്യാലിറ്റിയോടെ കൂടുതൽ സങ്കീർണ്ണമായ പീഡിയാട്രിക് ശസ്ത്രക്രിയകളും ന്യൂറോളജി, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷ്യൽ പീഡിയാട്രിക് സേവനങ്ങളും കൂടുതൽ സങ്കീർണ്ണമായ പ്രസവ ശുശ്രൂഷാ കേസുകളും എടുക്കും.
സിദ്റ മെഡിസിനിലെ ചികിത്സാ സംഘം ലോകത്തിൽ തന്നെ ഏറ്റവും മികച്ചതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കും കൂടുതൽ മികച്ച ചികിത്സ നൽകുകയാണ് ലക്ഷ്യം. രോഗികളുടെ സുരക്ഷയും ആരോഗ്യവുമാണ് സിദ്റയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതെന്ന് സി.ഇ.ഒ പീറ്റർ മോറിസ് വ്യക്തമാക്കി.
സിദ്റയിൽ നിലവിൽ അടിയന്തര വിഭാഗം പ്രവർത്തിക്കുന്നില്ല. അതിനാൽ തന്നെ സിദ്റ മെഡിസിനിൽ അപോയിൻറ്മെൻറ് എടുക്കാത്തവർ അവരുടെ നിലവിലെ ഡോക്ടറുടെ അടുക്കൽ തന്നെയാണ് ചികിത്സ തേടേണ്ടത്. ജൂൺ അവസാനത്തോടെയാണ് സിദ്റയിൽ അടിയന്തരവിഭാഗം പ്രവർത്തനമാരംഭിക്കുക.
ഖത്തറിെൻറ ആരോഗ്യ പരിരക്ഷാ വികസന മേഖലയിലെ നാഴികക്കല്ലാണ് സിദ്റയിൽ പിന്നിട്ടിരിക്കുന്നതെന്ന് പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. കുട്ടികൾക്കും സ്ത്രീകൾക്കും മികച്ച ചികിത്സ നൽകുന്നതിന് സിദ്റ ഇൻപേഷ്യൻറ് സേവനങ്ങളിലൂടെ സാധിക്കുമെന്നും ആരോഗ്യരംഗത്തെ നേട്ടമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുഞ്ഞിക്കാൽ കണ്ടു; ആഹ്ലാദത്തുടക്കം
ദോഹ: സിദ്റ മെഡിസിൻ ആൻഡ് റിസർച്ച് സെൻററിൽ പുതിയ ആശുപത്രിയുടെ പ്രവർത്തനം ദിവസം തന്നെ ആദ്യ കുഞ്ഞ് പിറന്നു. മർയം എന്ന് പേരിട്ട കുഞ്ഞിന് 3.1 കിലോഗ്രാം തൂക്കമുണ്ട്. സിദ്റയിൽ വിമൻസ് സർവീസ് ക്ലിനിക്കൽ മാനേജ്മെൻറ് ഗ്രൂപ്പിെൻ തലവനായ ഡോ. ജസ്റ്റിൻ കോൻജെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മാതാവും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. സിദ്റ മെഡിസിനിലെ ആദ്യ പീഡിയാട്രിക് ശസ്ത്രക്രിയയാണ് വിജയകരമായിരിക്കുന്നതെന്നും ഇതുവരെ നാല് പീഡിയാട്രിക് ശസ്ത്രക്രിയ പൂർത്തിയാക്കിയെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ജോൺ ഫെർഗൂസൺ പറഞ്ഞു.
ലോക നിലവാരത്തിലുള്ള ആരോഗ്യസംവിധാനവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് ഖത്തർ ഫൗണ്ടേഷെൻറ കീഴിലുള്ള സിദ്റയിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് സിദ്റ ബോർഡ് ഓഫ് ഗവർണേഴ്സ് വൈസ് ചെയർമാൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്ന സിദ്റ മെഡിസിനിൽ വർഷത്തിൽ 275000ഓളം രോഗികൾക്ക് ഔട്ട്പേഷ്യൻറ് അപോയിൻറ്മെൻറ് നൽകാൻ സാധിക്കും. കൂടാതെ 9000 കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും കഴിയും. രാജ്യത്തിെൻറ ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയുടെ സുപ്രധാന നേട്ടങ്ങളിലൊന്ന് തന്നെയാണ് സിദ്റ മെഡിസിൻ. 10 ഓപറേഷൻ തീയറ്ററുകൾ, 400 ബെഡുകൾ, സ്വകാര്യ ബാത്റൂമുകൾ അടങ്ങിയിട്ടുള്ള റൂമുകൾ, അത്യാധുനിക സംവിധാനങ്ങളോടെയുള്ള അടിയന്തര വിഭാഗം, ബർതിംഗ് സെൻറർ എന്നിവയും സജ്ജീകരിക്കപ്പെടും.
അത്യാധുനിക ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളാണ് സിദ്റയുടെ പ്രത്യേകത. മികച്ച ബയോമെട്രിക് സാങ്കേതികവിദ്യയായ പാം വൈൻ റെകഗ്നിഷൻ ടെക്നോളജിയാണ് പ്രധാനപ്പെട്ടത്. രോഗികളുടെ നാഡീ മാതൃക സൂക്ഷ്മമായി അടയാളപ്പെടുത്തി അത് രോഗിയുടെ വ്യക്തിഗത മെഡിക്കൽ റെക്കോർഡുമായി നേരിട്ട് ഓട്ടോമാറ്റിക്കായി ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. പ്രത്യേക ത്രിമാന പ്രിൻറും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. മേഖലയിൽ നിന്നും രാജ്യാന്തര തലത്തിൽ നിന്നുമുള്ള റഫറൽ കേസുകളും സിദ്റയിൽ സ്വീകരിക്കും. ഇതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. പൂർണമായ രീതിൽ പ്രവർത്തന സജ്ജമാകുന്നതോടെ ഇത് കൂടുതൽ സജീവമാകും. ഇതിനകം തന്നെ ബഹ്റൈൻ, ഈജിപ്ത്, ഘാന, ഗ്രീസ്, ഇറാൻ, ജോർദാൻ, കുവൈത്ത്, ലബനാൻ, നൈജീരിയ, ഒമാൻ, പനാമ, സൗദി അറേബ്യ, സുഡാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നായി 117 കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2016 മാർച്ചിലാണ് സിദ്റയിൽ ഔട്ട്പേഷ്യൻറ് സേവനങ്ങൾ നൽകിത്തുടങ്ങിയത്. കാർഡിയോളജി, യൂറോളജി വിഭാഗങ്ങളിലാണ് ഇവയിൽ അധികവും ചികിത്സ തേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

